തിരുവനന്തപുരം: ലഹരിക്ക് പണം നല്‍കാത്തതിനെത്തുടര്‍ന്ന് യുവാവ് വീടിന് തീയിട്ടു. തിരുവനന്തപുരം കണിയാപുരത്താണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കണിയാപുരം സ്വദേശി ഷാജഹാന്‍ വാടകയ്ക്ക് താമസിക്കുന്ന വീടിനാണ് ബന്ധുവായ യുവാവ് തീയിട്ടത്. സംഭവത്തെത്തുടര്‍ന്ന് വീടിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് വലിയ പരിഭ്രാന്തി പരത്തി.

കണിയാപുരം സ്വദേശി ഫൈസല്‍ (28) ആണ് അക്രമം നടത്തിയത്. ഷാജഹാന്റെ ഭാര്യ അമീനയുടെ സഹോദരീപുത്രനാണ് ഫൈസല്‍. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെ ഷാജഹാന്റെ വീട്ടിലെത്തിയ ഫൈസല്‍ കഞ്ചാവ് വാങ്ങാനായി പണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വീട്ടുകാര്‍ പണം നല്‍കാന്‍ തയ്യാറായില്ല. ഇതോടെ യുവാവ് അക്രമാസക്തനാവുകയും കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സ്വന്തം കൈഞരമ്പ് മുറിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

വീടിന് തീയിടുമെന്ന് ഫൈസല്‍ ഭീഷണി മുഴക്കിയതോടെ ഭയന്നുപോയ ഷാജഹാനും ഭാര്യയും ഉടന്‍തന്നെ അയല്‍വീട്ടിലേക്ക് മാറി അഭയം തേടി. ഈ തക്കം നോക്കിയാണ് ഫൈസല്‍ വീടിനുള്ളില്‍ തീ കൊളുത്തിയത്. തീ ആളിപ്പടര്‍ന്നതോടെ അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടന ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം അഗ്‌നിരക്ഷാ സേനയെ അറിയിച്ചത്.

ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി ഏറെ പരിശ്രമിച്ചാണ് തീ പൂര്‍ണ്ണമായും അണച്ചത്. എങ്കിലും വീട് പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലാണ്. വീട്ടിലുണ്ടായിരുന്ന സാധനസാമഗ്രികളെല്ലാം സ്‌ഫോടനത്തിലും തീപിടുത്തത്തിലും ചാമ്പലായി. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഫൈസലിനായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ലഹരിക്ക് അടിമയായ യുവാവിന്റെ ഈ കടുംകൈയില്‍ ഒരു കുടുംബത്തിന്റെ ആകെയുള്ള സമ്പാദ്യമാണ് ഇല്ലാതായത്.