- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണാടിപ്പറമ്പില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞു; വാഹനങ്ങള്‍ തകര്‍ത്തു, അഞ്ചു കിലോമീറ്ററോളം വിരണ്ടോടി; നാടിനെ വിറപ്പിച്ച് 'കര്‍ണ്ണന്‍'

കണ്ണൂര്‍: കണ്ണാടിപ്പറമ്പ് ധര്‍മ്മശാസ്താ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി. ഉത്സവ ചടങ്ങുകള്‍ക്കായി ഓലയമ്പാടിയില്‍ നിന്നും എത്തിച്ച 'കര്‍ണ്ണന്‍' എന്ന ആനയാണ് വിരണ്ടോടിയത്. നിരവധി വാഹനങ്ങള്‍ ആന തകര്‍ത്തെങ്കിലും വന്‍ ജനത്തിരക്കുള്ള സമയത്തായിട്ടും ആളപായമില്ലാതെ രക്ഷപ്പെട്ടത് ആശ്വാസമായി. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.
രാത്രി 10.30-ഓടെ എഴുന്നള്ളത്ത് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ആനയെ ക്ഷേത്രപരിസരത്ത് തളച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ആന പെട്ടെന്ന് പ്രകോപിതനായത്. ക്ഷേത്രമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും ഓട്ടോറിക്ഷകളും ആന തകര്‍ത്തു. മറ്റു ചില വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഉത്സവത്തിനെത്തിയ നൂറുകണക്കിന് ആളുകള്‍ ക്ഷേത്രപരിസരത്ത് നില്‍ക്കെ ആന വിരണ്ടത് വലിയ പരിഭ്രാന്തിയ്ക്കിടയാക്കി. ആളുകള്‍ ചിതറിയോടിയതോടെ മിനിറ്റുകളോളം പ്രദേശം യുദ്ധക്കളത്തിന് സമാനമായി.
ക്ഷേത്രപരിസരത്ത് നിന്നും ഓടിയ ആന കണ്ണാടിപ്പറമ്പ് ടൗണിലെ നെടുവാട്ട്, സ്റ്റെപ്പ് റോഡ് വഴി കാട്ടാമ്പള്ളി മെയിന്‍ റോഡിലേക്ക് കടന്നു. ഏകദേശം അഞ്ച് കിലോമീറ്ററോളം ദൂരമാണ് ആന വിരണ്ടോടിയത്. ഒടുവില്‍ നാറാത്ത് ആലിന്‍കീഴിന് സമീപം നിലയുറപ്പിച്ച ആനയെ പാപ്പാന്മാരും നാട്ടുകാരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് ശാന്തനാക്കിയത്.
രാത്രി 12 മണിയോടെയാണ് ആനയെ പൂര്‍ണ്ണമായും തളയ്ക്കാനായത്. ആന ഇടഞ്ഞതിനെത്തുടര്‍ന്ന് ഉത്സവ ചടങ്ങുകള്‍ തടസ്സപ്പെടുകയും ഭക്തര്‍ പരിഭ്രാന്തരാവുകയും ചെയ്തു. നാട്ടുകാരും പോലീസും സ്ഥലത്തെത്തി സുരക്ഷാ നടപടികള്‍ സ്വീകരിച്ചു.


