കോഴിക്കോട്: ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കുന്ന എഫ്‌സിആര്‍എ ബില്ലിനെതിരെയാണ് കേരളമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു രാജ്യം ആ രാജ്യത്തെ ജനങ്ങളെ വിശ്വാസത്തില്‍ എടുക്കണമെന്നും ജനങ്ങളില്‍ ഒരു വിഭാഗത്തെ മാത്രം സംശയത്തോടെ വീക്ഷിക്കുന്ന നില ഒരുതരത്തിലും ഗുണം ചെയ്യുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്ത് ഇപ്പോള്‍ സ്വീകരിച്ചുവരുന്ന നിലപാട് ഒരുവിഭാഗം ജനങ്ങളില്‍ പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതൊരു പ്രത്യേക ഘട്ടത്തില്‍ മാത്രം ഉണ്ടായതല്ല, മറിച്ച് കുറെ നാളുകളായി ഇത് തുടരുകയാണ്. ഈ ആശങ്ക ലഘൂകരിക്കത്തക്ക നിലപാടുകളല്ല കേന്ദ്രത്തില്‍ നിന്ന് വന്നിട്ടുള്ളത്. പകരം ആശങ്ക വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വന്നിട്ടുള്ളത്. അതില്‍ ഏറ്റവും കടുത്തതാണ് ഈ പറഞ്ഞ എഫ്‌സിആര്‍എ. ഇത് ന്യൂനപക്ഷ വിഭാഗത്തെ ലക്ഷ്യംവെച്ചുകൊണ്ടുള്ള ഒരു പദ്ധതിയാണ് എന്നതാണ് പൊതുവേ ആളുകള്‍ കാണുന്നത്. അതിനെ ആ നിലയ്ക്ക് തന്നെയാണ് സംസ്ഥാന സര്‍ക്കാരും കാണുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയോട് അടിയന്തരമായി ഇത് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടത്.

നമ്മുടെ നാട്ടില്‍ നല്ല നിലയ്ക്ക് പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. ആ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ ഉണ്ടാക്കുന്ന ലാഭത്തെ കൊണ്ട് മാത്രമല്ല. അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ആവശ്യമായ സഹായം പലവഴിക്കും അവര്‍ക്ക് ലഭിക്കുന്നുണ്ട്. അതോടൊപ്പം തന്നെ സ്വന്തം ആളുകള്‍ തന്നെ പലസ്ഥലത്ത് ജോലി ചെയ്ത് നല്‍കുന്ന സംഭാവനകളും ഉണ്ട്. ഇതിനെല്ലാം വല്ലാത്തൊരു ചിത്രം ചാര്‍ത്തി അതിനെ തകര്‍ക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

കണക്ക് കൊടുക്കാന്‍ വൈകിപ്പോയാല്‍ ഒരു സ്ഥാപനം അടച്ചു പൂട്ടുകയും അത് സര്‍ക്കാരിന്റെ നിയന്ത്രണത്തിലേക്കാക്കുകയും ചെയ്യുന്നത് എന്തൊരു നീതിയാണെന്നും ആ നീതികേടാണ് ഇവിടെ നടക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. നമ്മുടെ രാജ്യത്തെ ക്രൈസ്തവ വിഭാ?ഗക്കാര്‍ പലരും ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു. ഞങ്ങളും സംസ്ഥാന സര്‍ക്കാര്‍ എന്ന നിലയ്ക്ക് ഇക്കാര്യത്തിലുള്ള വികാരമറിയിച്ചിട്ടുണ്ട്, പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. എഫ്‌സിആര്‍എ അടിയന്തരമായി പിന്‍വലിക്കണമെന്ന് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. ഏതായാലും നമ്മുടെ നാടിന് അപകടം ഉണ്ടാക്കുന്ന ഇത്തരം നീക്കങ്ങള്‍ ഗുണകരമായിട്ടുള്ളതല്ല.

ഇവിടെ ഇത് നടപ്പാക്കുന്നത് ബിജെപി സര്‍ക്കാരാണ്. ബിജെപിയുടെ നേതൃത്വം ആര്‍എസ്എസുകാര്‍ക്കാണ്. ആര്‍എസ്എസ്, രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായി കണ്ടതില്‍ രണ്ടുപേര്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളുമാണ്. ആഭ്യന്തര ശത്രുക്കളെ കൈകാര്യം ചെയ്യുന്ന രീതി രാജ്യത്ത് എല്ലാവരും കണ്ടുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും ഒരിടത്ത് അല്ലല്ലോ പലയിടത്തും പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ടല്ലോ എന്നും അതിന് നേതൃത്വം നല്‍കുന്നത് സംഘപരിവാര്‍ ആണല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു. സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇരയാകുന്നവര്‍ക്ക് സംരക്ഷണം നല്‍കാതെ ആക്രമിക്കുന്നവര്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ സംരക്ഷണം കൊടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.