- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിപ്പാട് ക്ഷേത്രത്തിലെ കാണിക്ക മോഷ്ടിച്ചയാള്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന്? ബിജെപി സൈബര്‍ ഗ്രൂപ്പുകളില്‍ പ്രതിഷേധം

ഹരിപ്പാട്: ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമി (വേലായുധസ്വാമി) ക്ഷേത്രത്തിലെ കാണിക്കപ്പണം മോഷ്ടിച്ച പ്രതി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് ചോദിച്ചിറങ്ങുന്നതിനെതിരെ ബിജെപി സൈബര്‍ ഗ്രൂപ്പുകളില്‍ വ്യാപക പ്രതിഷേധം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ 'മാനസപുത്രനാണ്' ഈ പ്രതിയെന്നും ഇത്തരക്കാരെ കൂട്ടി വോട്ട് ചോദിക്കാനിറങ്ങുന്ന കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പാണെന്നുമാണ് ബിജെപി അനുകൂല ഗ്രൂപ്പുകളിലെ ആരോപണം.
ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ നിന്ന് പണം മോഷ്ടിച്ച കേസില്‍ ജയിലിലായിരുന്ന വ്യക്തി പുറത്തിറങ്ങിയ ശേഷം വീണ്ടും കോണ്‍ഗ്രസ് സംഘടനകളുടെ സജീവ ചുമതലയേറ്റെടുത്ത് രംഗത്തുണ്ടെന്നാണ് ബിജെപി ഗ്രൂപ്പുകളിലെ പോസ്റ്റുകള്‍ പറയുന്നത്. ഹരിപ്പാട് ബ്ലോക്ക് സെക്രട്ടറിക്കൊപ്പം ഇയാള്‍ വോട്ട് ചോദിച്ചെത്തുന്ന ചിത്രങ്ങളും വിവരങ്ങളും പങ്കുവെച്ചുകൊണ്ടാണ് സൈബര്‍ ആക്രമണം.
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്ക്കെതിരെ നിയമസഭയിലും പുറത്തും ഘോരഘോരം പ്രസംഗിക്കുന്ന രമേശ് ചെന്നിത്തല സ്വന്തം മണ്ഡലത്തിലെ ക്ഷേത്രത്തില്‍ മോഷണം നടത്തിയവനെ സംരക്ഷിക്കുകയാണെന്ന് ബിജെപി ആരോപിക്കുന്നു. 'കൊള്ളസംഘത്തിന്റെ ഇരട്ടത്താപ്പാണ് ഇവിടെ വെളിവാകുന്നത്. സ്വന്തം ഭഗവാന്റെ മണ്ണില്‍ കവര്‍ച്ച നടത്തിയവന് കഞ്ഞി വെക്കുന്ന നിലപാടാണ് ചെന്നിത്തലയുടേത്,' സൈബര്‍ ഗ്രൂപ്പുകളിലെ പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിനെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി മാത്രമാണ് കോണ്‍ഗ്രസ് ഉപയോഗിക്കുന്നത്. എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാരനായ ക്ഷേത്രക്കള്ളനെ സംഘടനയില്‍ നിലനിര്‍ത്തുന്നതിലൂടെ അവരുടെ തനിനിറം വ്യക്തമായെന്നും ബിജെപി ആരോപിക്കുന്നു. കള്ളന്മാരെയും കൊണ്ട് വോട്ട് ചോദിച്ചു വരുന്നവരോട് 'കടക്ക് പുറത്ത്' എന്ന് പറയാന്‍ ഓരോ ഭക്തനും തയ്യാറാകണമെന്നും സൈബര്‍ ഗ്രൂപ്പുകള്‍ ആഹ്വാനം ചെയ്യുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഹരിപ്പാട് മണ്ഡലത്തില്‍ ഈ വിഷയം വലിയ രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപിയുടെ നീക്കം. എന്നാല്‍ ആരോപണവിധേയനായ വ്യക്തിക്ക് സംഘടനയില്‍ എന്ത് സ്ഥാനമാണുള്ളതെന്നോ പ്രചാരണത്തില്‍ പങ്കെടുക്കുന്നുണ്ടോ എന്നോ ഉള്ള കാര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്നും ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.


