കോഴിക്കോട്: ഒളവണ്ണയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്ന് വയസ്സുള്ള കുട്ടിയുള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. പാലാഴിക്ക് സമീപം തലാഞ്ചേരിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പരിക്കേറ്റ എട്ടുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് വയസ്സുകാരന്റെ പരിക്ക് സാരമുള്ളതാണെന്നാണ് വിവരം. ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയുമായാണ് നായ ആളുകളെ ആക്രമിച്ചത്. റോഡിലൂടെ നടന്നുപോയവര്‍ക്കും വീടിന് പുറത്തിറങ്ങിയവര്‍ക്കും നേരെ നായ ചാടിവീഴുകയായിരുന്നു. തലാഞ്ചേരി ഭാഗത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച നായയെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. അക്രമാസക്തനായ നായ ഇപ്പോഴും പ്രദേശത്ത് കറങ്ങിനടക്കുന്നത് ജനങ്ങളെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ കടിയേറ്റതോടെ പ്രദേശവാസികള്‍ പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുകയാണ്. നായയെ ഉടന്‍ പിടികൂടാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നതിനിടെയാണ് ഒളവണ്ണയില്‍ കൂട്ടായ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. പ്രദേശത്ത് പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.