- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാറില്‍ വെച്ചുണ്ടായ വാക്കു തര്‍ക്കം; വീട്ടിലേക്ക് മടങ്ങിയ യുവാവിനെ ഓട്ടോയില്‍ പിന്തുടര്ന്നെത്തി വെട്ടിക്കൊലപ്പെടുത്തി; മൂന്ന് പേര് കസ്റ്റഡിയില്‍

കൊല്ലം: കൊല്ലം കടയ്ക്കലില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കടയ്ക്കല്‍ അഞ്ചുമുക്കിന് സമീപത്തായിരുന്നു സംഭവം. വയല സ്വദേശിയായ ശരത് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷയില്‍ എത്തിയ സംഘം യുവാവിനെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. കൊലപാതകത്തില്‍ മൂന്ന് പേരെ കടയ്ക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബാറില്‍ വെച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ശരത്തും പ്രതികളും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. വീട്ടിലേക്ക് മടങ്ങിയ ശരത്തിനെ പ്രതികള്‍ പിന്‍തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു. അഞ്ചുമുക്കിലെ ഭാര്യ വീട്ടില്‍ ആയിരുന്നു ശരത്തിന്റെ താമസം.
വൈകുന്നേരം 5.45 ഓട് കൂടി കടയ്ക്കലിലായിരുന്നു സംഭവം. കടയ്ക്കലിലെ ബാറിലെത്തിയ ശരത്ത് മദ്യപിക്കുകയും അവിടെ മദ്യപിക്കാനെത്തിയ രാഹുല്‍ എന്ന യുവാവുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ബാര്‍ ജീവനക്കാര്‍ ഇടപെടുകയും ഇരുവരെയും പറഞ്ഞുവിടുകയും ചെയ്തു.
ബാറില്‍ നിന്ന് ഇറങ്ങിയ ശരത്തിനെ ഓട്ടോറിക്ഷയില്‍ നാലംഗസംഘം പിന്തുടര്‍ന്നെത്തി. പന്തളംമുക്കില്‍വെച്ച് കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ശരത്തിനെ സംഘം വെട്ടുകയും കുത്തുകയുമായിരുന്നു. വെട്ടേറ്റ ശരത്ത് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. പിന്തുടര്‍ന്ന് എത്തിയ സംഘം ശരത്തിനെ ദേഹമാസകലം വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ് കിടന്നിരുന്ന ശരത്തിനെ നാട്ടുകാര്‍ ചേര്‍ന്ന് ആദ്യം കടയ്ക്കലിലെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. ഈ സമയം ശരത്ത് മരിച്ചിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്കായി കടയ്ക്കല്‍ പൊലീസ് അന്വേഷമം വ്യാപിപ്പിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


