- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ കൈക്കൂലി; എഐഇ ഉള്‍പ്പെടെ നാല് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്

കൊല്ലം: ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റില്‍ വാഹന ഡ്രൈവര്‍മാരില്‍ നിന്ന് നിയമവിരുദ്ധമായി പണപ്പിരിവ് നടത്തിയ നാല് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. എക്സൈസ് വിജിലന്‍സ് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നത് നേരിട്ട് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അടിയന്തര നടപടി.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (AIE) പി. അജയകുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പി. ജോണ്‍, ജെ. ജോര്‍ജ് ജോസി എന്നിവര്‍ക്കെതിരെയാണ് പ്രധാനമായും നടപടി എടുത്തത്. ഇവര്‍ക്കൊപ്പം സിവില്‍ എക്സൈസ് ഓഫീസര്‍ സിവിന്‍ സജി ചെറിയാനെയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ചെക്ക്പോസ്റ്റ് വഴി കടന്നുപോകുന്ന ലോറികളുള്‍പ്പെടെയുള്ള വാഹനങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വ്യാപകമായി പണം പിരിക്കുന്നുവെന്ന് എക്സൈസ് വിജിലന്‍സിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് ബോധ്യപ്പെട്ടത്. ഡ്രൈവര്‍മാരില്‍ നിന്ന് വാങ്ങിയ പണം ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നും കണ്ടെടുത്തതായാണ് സൂചന.
ചെക്ക്പോസ്റ്റുകളിലെ അഴിമതി തുടച്ചുനീക്കുന്നതിന്റെ ഭാഗമായി വരുംദിവസങ്ങളിലും കര്‍ശനമായ പരിശോധനകള്‍ തുടരുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. പ്രതികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ വിശദമായ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.


