തിരുവനന്തപുരം: പൂന്തുറയില്‍ കടം വാങ്ങിയ പണം തിരികെ നല്‍കാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവാവിനെ ക്രൂരമായി മര്‍ദിച്ച് കവര്‍ച്ച നടത്തിയ കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. പൂന്തുറ സ്വദേശി ഫൈസലിനെ ആക്രമിച്ച് പണവും സ്വര്‍ണമാലയും എടിഎം കാര്‍ഡും തട്ടിയെടുത്ത കേസില്‍ ബീമാപള്ളി ജവഹര്‍ പള്ളി സ്വദേശികളായ ഷാനവാസ്, അര്‍ഷാദ്, മൂസ എന്നിവരെയാണ് പൂന്തുറ പോലീസ് പിടികൂടിയത്. സംഭവത്തിലെ ഒന്നാം പ്രതിയായ ഫിറോസ് നിലവില്‍ ഒളിവിലാണ്.

കഴിഞ്ഞ ജനുവരി 14-നാണ് കേസിനാസ്പദമായ അക്രമം നടന്നത്. ഒന്നാം പ്രതി ഫിറോസ് ഫൈസലില്‍നിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇതില്‍ പകുതി തുക നേരത്തെ മടക്കി നല്‍കിയിരുന്നു. ബാക്കിയുള്ള 50,000 രൂപ കൂടി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഫൈസലിനെ പൂന്തുറ കീഴേക്കടപ്പുറത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ എത്തിയ ഫൈസലിനെ പ്രതികള്‍ നാലുപേരും ചേര്‍ന്ന് തടഞ്ഞുവെച്ചു. തുടര്‍ന്ന് ഫൈസല്‍ ധരിച്ചിരുന്ന ഷര്‍ട്ട് ഊരിയെടുത്ത് അതുകൊണ്ട് തന്നെ കൈകാലുകള്‍ കെട്ടിയിട്ട ശേഷം അതിക്രൂരമായ മര്‍ദനമാണ് അഴിച്ചുവിട്ടത്.

കല്ല്, മരപ്പട്ടിക, ഓലമടല്‍ എന്നിവ ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ ഫൈസലിന്റെ ഇരു കാലുകളിലെയും എല്ലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്. മുഖത്തും തോളത്തും കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. മര്‍ദനത്തിന് ശേഷം ഫൈസലിന്റെ കൈവശമുണ്ടായിരുന്ന 12,000 രൂപയും കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്റെ സ്വര്‍ണ്ണമാലയും എടിഎം കാര്‍ഡും പ്രതികള്‍ കവര്‍ന്നു. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ പൂന്തുറ എസ്.എച്ച്.ഒ രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

എസ്.ഐ. എസ്. അജു, സീനിയര്‍ സി.പി.ഒ. ഗിരീശന്‍ എന്നിവരടങ്ങുന്ന സംഘം പ്രതികളുടെ ഒളിസങ്കേതം വളഞ്ഞാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ മൂന്ന് പ്രതികളെയും റിമാന്‍ഡ് ചെയ്തു. ഒളിവിലുള്ള ഒന്നാം പ്രതി ഫിറോസിനായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.