തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ആശുപത്രിയില്‍ അക്രമാസക്തനായി ഉപകരണങ്ങള്‍ അടിച്ചുതകര്‍ത്തു. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ പെരുങ്ങുഴി സ്വദേശി സജീവിനെതിരെ ചിറയിന്‍കീഴ് പോലീസ് കേസെടുത്തു. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു യുവാവിന്റെ പരാക്രമം.

ഞായറാഴ്ച രാത്രി ചിറയിന്‍കീഴ് വലിയകട ജംഗ്ഷനില്‍ വെച്ചാണ് മദ്യപിച്ച് വാഹനമോടിച്ച സജീവിനെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് നിയമനടപടികളുടെ ഭാഗമായി വൈദ്യപരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ഡോക്ടര്‍ പരിശോധന ആരംഭിക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതനായ സജീവ് ആശുപത്രിയിലെ വിലപിടിപ്പുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. ആശുപത്രി ജീവനക്കാരെയും പോലീസിനെയും ഭയപ്പെടുത്തി അവിടെനിന്ന് രക്ഷപ്പെടാനായിരുന്നു യുവാവിന്റെ ശ്രമം.

തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ചാണ് സജീവിനെ കീഴ്‌പ്പെടുത്തിയത്. അക്രമാസക്തനായ യുവാവിനെ നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസ് സംഘം എത്തേണ്ടി വന്നു. ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിച്ചതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും പുറമെ മദ്യപിച്ച് വാഹനമോടിച്ചതിനും ഇയാള്‍ക്കെതിരെ വെവ്വേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് നടപടി സ്വീകരിക്കുന്നത്. ആശുപത്രികളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഉപകരണങ്ങള്‍ക്കും സംരക്ഷണം ഉറപ്പാക്കണമെന്ന നിയമങ്ങള്‍ കര്‍ശനമായി നിലനില്‍ക്കെയാണ് സമാനമായ അക്രമം വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.