കണ്ണൂര്‍: തലശ്ശേരിയിലെ സിപിഎം പ്രവര്‍ത്തകന്‍ യു.കെ. സലിം കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ആറ് എസ്ഡിപിഐ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് നിര്‍ണ്ണായക വിധി പ്രഖ്യാപിച്ചത്. 2008 ജൂലൈ 23-നാണ് സലിം കൊല്ലപ്പെട്ടത്. രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ് രേഖപ്പെടുത്തിയ കേസില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

ഡിവൈഎഫ്‌ഐയുടെ പോസ്റ്ററിന് മുകളില്‍ എന്‍ഡിഎഫിന്റെ പോസ്റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍, ഈ വാദങ്ങളെ തള്ളിക്കൊണ്ട് സലിമിന്റെ പിതാവ് തന്നെ രംഗത്തെത്തിയിരുന്നു. കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്നായിരുന്നു കുടുംബത്തിന്റെ ഗുരുതരമായ ആരോപണം. വിവാദമായ ഫസല്‍ വധക്കേസിലെ രഹസ്യങ്ങള്‍ സലിം പുറത്തുപറയുമോ എന്ന ഭയമാണ് കൊലപാതകത്തിന് കാരണമെന്ന് പിതാവ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് സലിമിന് ചില കാര്യങ്ങള്‍ അറിയാമായിരുന്നുവെന്നും അത് മറച്ചുവെക്കാനാണ് സലിമിനെ ഇല്ലാതാക്കിയതെന്നും കുടുംബം വിശ്വസിക്കുന്നു. സലിം മരിക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ സുഹൃത്തായ റഹീം ട്രെയിന്‍ തട്ടി മരിച്ചിരുന്നു. ഇത് വെറുമൊരു അപകടമരണമല്ലെന്നും ഫസല്‍ കേസിലെ വിവരങ്ങള്‍ അറിയാവുന്ന റഹീമിനെ അപായപ്പെടുത്തിയതാണെന്നും സലിമിന്റെ പിതാവ് കോടതിയെ അറിയിച്ചിരുന്നു.

രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്ന കണ്ണൂരില്‍, സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ പാര്‍ട്ടിക്കാര്‍ തന്നെയുണ്ടെന്ന കുടുംബത്തിന്റെ മൊഴി വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പ്രോസിക്യൂഷന് പ്രതികള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ആറ് എസ്ഡിപിഐ പ്രവര്‍ത്തകരെയും വെറുതെ വിടാന്‍ കോടതി തീരുമാനിച്ചത്. ഈ വിധി വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളില്‍ എത്തരത്തില്‍ പ്രതിഫലിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നു.