- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഫാത്തിമ തെഹ്ലിയ വെല്‍ഫെയര്‍ പാര്‍ട്ടി നോമിനി; ധൈര്യമുണ്ടെങ്കില്‍ നൂര്‍ബിന റഷീദിനെതിരെ നടപടിയെടുക്കു'; മുസ്ലീം ലീഗിനെതിരെ എളമരം കരീം

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ഫാത്തിമ തഹ്ലിയക്കെതിരെ രൂക്ഷമായ രാഷ്ട്രീയ ആരോപണങ്ങളുമായി സിപിഎം നേതാവ് എളമരം കരീം രംഗത്തെത്തി. തഹ്ലിയ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നോമിനിയാണെന്നും പേരാമ്പ്രയില്‍ ആ പാര്‍ട്ടി പ്രചാരണരംഗത്ത് വളരെ സജീവമാണെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലിം ലീഗിനുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളെയും വനിതാ ലീഗ് നേതാവ് നൂര്‍ബീന റഷീദിന്റെ രാജി പ്രഖ്യാപനത്തെയും മുന്‍നിര്‍ത്തിയാണ് കരീം തന്റെ വിമര്‍ശനങ്ങള്‍ കടുപ്പിച്ചത്. പേരാമ്പ്രയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.പി. രാമകൃഷ്ണനും ഫാത്തിമ തഹ്ലിയയും തമ്മില്‍ വാശിയേറിയ പോരാട്ടം നടക്കുന്നതിനിടയിലാണ് എളമരം കരീമിന്റെ ഈ പുതിയ ആരോപണം.
ലീഗ് നേതൃത്വത്തിന്റെ തെറ്റായ തീരുമാനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ നൂര്‍ബീന റഷീദിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ലീഗ് നേതൃത്വം ഭയപ്പെടുകയാണെന്ന് കരീം പരിഹസിച്ചു. നൂര്‍ബീനയ്ക്ക് ഇനിയും പല രഹസ്യങ്ങളും വെളിപ്പെടുത്താനുണ്ട്. അവ പുറത്തുവന്നാല്‍ ലീഗ് വലിയ പ്രതിസന്ധിയിലാകുമെന്ന ഭയത്താലാണ് നേതൃത്വം മൗനം പാലിക്കുന്നത്. നൂര്‍ബീനയെ പുറത്താക്കാന്‍ ധൈര്യമുണ്ടോ എന്ന് അദ്ദേഹം ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ചു. അങ്ങനെയൊന്ന് സംഭവിച്ചാല്‍ കേരളം ഞെട്ടുന്ന വിവരങ്ങള്‍ പുറത്തുവരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, പേരാമ്പ്രയിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് വനിതാ ലീഗിനുള്ളില്‍ കടുത്ത അതൃപ്തി നിലനില്‍ക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കളെ അവഗണിച്ച് ഫാത്തിമ തഹ്ലിയയെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് നൂര്‍ബീന റഷീദ് വനിതാ ലീഗ് അഖിലേന്ത്യ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. തഹ്ലിയ വനിതാ ലീഗിന്റെ പ്രതിനിധിയല്ലെന്നും ഹരിത വിവാദത്തിലൂടെ പാണക്കാട് കുടുംബത്തെപ്പോലും അപമാനിച്ച വ്യക്തിയാണെന്നുമാണ് നൂര്‍ബീനയുടെ വിമര്‍ശനം.
എന്നാല്‍ നൂര്‍ബീനയുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും സംഘടനയുടെ നിലപാടല്ലെന്നുമാണ് വനിതാ ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. സീറ്റ് കിട്ടാത്തതിലുള്ള നിരാശയാണ് നൂര്‍ബീനയുടെ വാക്കുകളിലെന്നും പാര്‍ട്ടി ഇത് ഗൗരവമായി കാണുന്നില്ലെന്നും വനിതാ ലീഗ് നേതാവ് മറിയുമ്മ പറഞ്ഞു. അതേ സമയം ഇടതുകോട്ടയായ പേരാമ്പ്രയില്‍ വിള്ളലുണ്ടാക്കാന്‍ ഫാത്തിമ തഹ്ലിയക്ക് കഴിയുമോ എന്നാണ് യുഡിഎഫ് ഉറ്റുനോക്കുന്നത്. എന്നാല്‍ ലീഗിനുള്ളിലെ ഈ ആഭ്യന്തര കലഹങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് ക്യാമ്പ്.


