- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ വൈരാഗ്യം; ചടയമംഗലത്ത് ഹോട്ടല്‍ ഉടമയെ മുന്‍ ജീവനക്കാരന്‍ കുത്തിക്കൊന്നു; പ്രതി പിടിയില്‍

കൊല്ലം: കൊല്ലം ചടയമംഗലത്ത് ഹോട്ടലുടമയെ മുന്‍ ജീവനക്കാരന്‍ കുത്തിക്കൊന്നു. നിലമേല്‍ കുരിയോട് പ്രവര്‍ത്തിക്കുന്ന 'സ്‌പൈസി' ഹോട്ടല്‍ ഉടമയും ആക്കല്‍ പുള്ളിപ്പച്ചയില്‍ സ്വദേശിയുമായ സക്കീര്‍ ഹുസൈന്‍ (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവില്‍ പോകാന്‍ ശ്രമിച്ച കാസര്‍കോട് ബെല്‍ത്തങ്കടി സ്വദേശി ഇര്‍ഷാദിനെ (32) തിരുവനന്തപുരം മണ്ണന്തലയില്‍ വെച്ച് പോലീസ് പിടികൂടി. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.
കുറച്ചുനാളുകളായി സക്കീറിന്റെ ഹോട്ടലില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയായിരുന്നു. മുന്‍പ് ഇതേ ഹോട്ടലില്‍ ദീര്‍ഘകാലം ജോലി ചെയ്തിരുന്ന ഇര്‍ഷാദിനെ സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് മൂന്ന് മാസം മുന്‍പ് സക്കീര്‍ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ സ്ഥിരം ജീവനക്കാരന്‍ നാട്ടില്‍ പോയ ഒഴിവിലേക്ക് ഇര്‍ഷാദിനെ വീണ്ടും താല്‍ക്കാലികമായി ജോലിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജോലിക്ക് കയറിയ ശേഷം ഇര്‍ഷാദ് സ്ഥിരമായി എത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിക്കാനായി സക്കീര്‍ ഹോട്ടലിലെ മുറിയിലെത്തിയപ്പോഴാണ് തര്‍ക്കമുണ്ടായത്.
കൂലി സംബന്ധമായ തര്‍ക്കവും മുന്‍പുണ്ടായിരുന്ന വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വാക്കേറ്റത്തിനിടെ പ്രകോപിതനായ ഇര്‍ഷാദ് കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് സക്കീറിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ സക്കീറിനെ ഉടന്‍ തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിില്ല.
കൃത്യത്തിന് ശേഷം നാട്ടില്‍ പോകണമെന്ന് സഹപ്രവര്‍ത്തകരെ വിശ്വസിപ്പിച്ച് കടന്നുകളഞ്ഞ ഇര്‍ഷാദിനെ ചടയമംഗലം പോലീസിന്റെ സമയോചിതമായ ഇടപെടലിലാണ് മണ്ണന്തലയില്‍ വെച്ച് പിടികൂടിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചടയമംഗലം എസ്.എച്ച്.ഒ കണ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
സക്കീര്‍ ഹുസൈന് കടയ്ക്കലും വര്‍ക്കലയിലും ഹോട്ടലും ആക്കലില്‍ തുണിക്കടയും ഉണ്ട്. സൗമ്യ സ്വഭാവക്കാരനായിരുന്നു മരിച്ച സക്കീര്‍ ഹെൈുസനന്ന് നാട്ടുകാര്‍ പറഞ്ഞു. ചടയമംഗലം എസ്.എച്ച്.ഒ. കണ്ണന്‍, എസ്.ഐ. മാരായ ഡെന്നിസണ്‍ അഗസ്റ്റ്യന്‍, അഞ്ജിത ശ്രീകുമാര്‍, അലക്സാണ്ടര്‍, ഗിരി, സി.പി.ഒ. മാരായ അജിത്ത്, സജി, ജോബി, രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ചടയമംഗലം പോലീസ് മേല്‍നടപടി സ്വീകരിച്ചു. ഭാര്യ: ഷംല, മക്കള്‍: ഫായിസ്, ഫൈഹ.


