ഹരിപ്പാട്: സംസ്ഥാനത്ത് ഭരണമാറ്റം സുനിശ്ചിതമാണെന്നും കേരളത്തിലുടനീളം ശക്തമായ യു.ഡി.എഫ് തരംഗമാണ് ദൃശ്യമാകുന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഇടതുമുന്നണിയുടെ ദുര്‍ഭരണത്തിനെതിരെ ജനങ്ങള്‍ വിധിയെഴുതാന്‍ തയ്യാറെടുത്തു കഴിഞ്ഞുവെന്നും ഹരിപ്പാട് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ാഷ്ട്രീയ മര്യാദകള്‍ ലംഘിച്ചുകൊണ്ട് സ്ഥാനാര്‍ത്ഥികളെയും നേതാക്കളെയും അപമാനിക്കുന്ന രീതിയാണ് മുഖ്യമന്ത്രിയും ഇടതുമുന്നണിയും സ്വീകരിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ജി. സുധാകരനെപ്പോലുള്ള മുതിര്‍ന്ന നേതാക്കളെ 'ചെറ്റ' എന്ന് വിളിച്ച് ആക്ഷേപിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. അമ്പലപ്പുഴയില്‍ ജി. സുധാകരന്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന ഭയമാണ് സി.പി.എമ്മിനെ ഇത്തരം തരംതാഴ്ന്ന പ്രസ്താവനകളിലേക്ക് നയിക്കുന്നത്. മുഖ്യമന്ത്രിയുടെ ഭാഷാശൈലി കേരളത്തിന് തന്നെ അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടതുമുന്നണിയുടെ കര്‍ഷകവിരുദ്ധ നിലപാടുകള്‍ക്കെതിരെ മലയോര മേഖലകളില്‍ കടുത്ത പ്രതിഷേധമുണ്ട്. വനാതിര്‍ത്തിയില്‍ ബഫര്‍സോണ്‍ ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനം കര്‍ഷകരുടെ കഴുത്തില്‍ കത്തിവെക്കുന്നതിന് തുല്യമാണ്. ജനരോഷം ഭയന്നാണ് ഇപ്പോള്‍ പ്രകടനപത്രികയില്‍ തിരുത്തലുകള്‍ നടത്തുന്നത്. വൈക്കത്ത് സി.പി.ഐ ഓഫീസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം കേരളത്തിന് വേദനയാണ്. കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന കൃഷിമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും ചെന്നിത്തല തുറന്നടിച്ചു.

2018-ലെ പ്രളയം മനുഷ്യനിര്‍മ്മിതമായിരുന്നു എന്ന തന്റെ മുന്‍പത്തെ നിലപാട് അമിക്യസ് ക്യൂറി റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞിരിക്കുകയാണ്. അശാസ്ത്രീയമായ ഡാം മാനേജ്മെന്റിലൂടെ കേരളത്തെ മുക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം പിണറായി സര്‍ക്കാരിനാണ്. സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന 'പ്രോഗ്രസ് കാര്‍ഡ്' അഴിമതി മൂടിവെക്കാനുള്ള വെറും പാഴ്വേലയാണ്. ജനങ്ങള്‍ ഇത് അംഗീകരിച്ചിരുന്നെങ്കില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ സര്‍ക്കാര്‍ പരാജയപ്പെടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഹരിപ്പാട്ടെ ജനങ്ങള്‍ക്ക് വാസ്തവം അറിയാമെന്നും അവര്‍ എപ്പോഴും തന്നോടൊപ്പം നില്‍ക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അമിത് ഷായോ നരേന്ദ്ര മോദിയോ വന്നാലും ഹരിപ്പാട്ടെ വോട്ടര്‍മാരുടെ പിന്തുണ തനിക്ക് തന്നെയായിരിക്കും. വന്‍ ഭൂരിപക്ഷത്തോടെ മണ്ഡലത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.