- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദോശ കഴിച്ചതോടെ കടുത്ത ഛര്‍ദ്ദി; മൂന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞടക്കം രണ്ട് കുട്ടികള്‍ മരിച്ചു; മാതാപിതാക്കളുടെ നില ഗുരുതരം

അഹമ്മദബാദ്: അഹമ്മദാബാദില്‍ ദോശ കഴിച്ചതിന് പിന്നാലെ ഉണ്ടായ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ഒരു കുടുംബത്തിലെ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചു. മാതാപിതാക്കളായ വിമലും ഭാവനയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ മൂന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞും നാലുവയസ്സുകാരിയായ മകളുമാണ് ദാരുണമായി മരണപ്പെട്ടത്.
ഏപ്രില്‍ ഒന്നാം തീയതി രാത്രിയാണ് അഹമ്മദാബാദ് സ്വദേശികളായ വിമലും കുടുംബവും ദോശ കഴിച്ചത്. സമീപത്തെ 'ഘനശ്യാം ഡയറി' എന്ന സ്ഥാപനത്തില്‍ നിന്നാണ് വിമല്‍ ദോശമാവ് വാങ്ങിയത്. ദോശ കഴിച്ചതിന് പിന്നാലെ വിമലിനും ഭാര്യയ്ക്കും മൂത്ത മകള്‍ക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. എന്നാല്‍, പിറ്റേന്ന് രാവിലെയായപ്പോഴേക്കും മൂന്നുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ എല്ലാവര്‍ക്കും കടുത്ത ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും ഉണ്ടാവുകയായിരുന്നു.
സ്ഥിതി വഷളായതിനെത്തുടര്‍ന്ന് നാലുപേരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഏപ്രില്‍ മൂന്നിന് മൂന്നുമാസം പ്രായമുള്ള കുഞ്ഞും, ഏപ്രില്‍ അഞ്ചിന് നാലുവയസ്സുകാരിയും മരണത്തിന് കീഴടങ്ങി. മാതാപിതാക്കള്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
അതേസമയം, സംഭവത്തില്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം ഇടപെട്ടു. വിമല്‍ ദോശമാവ് വാങ്ങിയ കടയില്‍ നിന്ന് മാവിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഭക്ഷ്യവിഷബാധയാണോ അതോ മാവില്‍ മറ്റെന്തെങ്കിലും രാസവസ്തുക്കള്‍ കലര്‍ന്നതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്.


