കൊല്ലം: കൊല്ലത്ത് യുഡിഎഫിന്റെ കലാശക്കൊട്ടില്‍ പങ്കെടുത്തു മടങ്ങിയവര്‍ സഞ്ചരിച്ച കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. കൊല്ലം വള്ളിക്കീഴ് ഗവ.എച്ച്എസ്എസിലെ 8ാം ക്ലാസ് വിദ്യാര്‍ഥികളായ വള്ളിക്കീഴ് സ്വദേശി ചിന്നുലക്ഷ്മി (14), രാമന്‍കുളങ്ങര സ്വദേശി ധനലക്ഷ്മി (14) എന്നിവര്‍ക്കാണു പരുക്കേറ്റത്. കായിക താരങ്ങളായ വിദ്യാര്‍ഥിനികള്‍ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് ടങ്ങുമ്പോഴാണ് അപകടം.

ഇന്നലെ വൈകിട്ട് 6.30ന് ആശ്രാമം ലിങ്ക് റോഡില്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപമാണ് അപകടമുണ്ടായത്. കെഎസ്യു പ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ കുട്ടികളെ ഇടിച്ച് തെറിപ്പിക്കക ആയിരുന്നു. ഇടിയുടെ ആഘാതത്തില്‍ ചിന്നുലക്ഷ്മി കായലിലേക്കു തെറിച്ചു വീണു. ധനലക്ഷ്മി ഫുട്പാത്തിലെ സംരക്ഷണ കമ്പിയില്‍ കുടുങ്ങിക്കിടന്നു. ഇരുവരെയും ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വാഹനം ഓടിച്ചിരുന്ന നെയ്യാറ്റിന്‍കര സ്വദേശി ദേവനന്ദിനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലേടുത്തു. ആശ്രാമം ഹോക്കി സ്റ്റേഡിയത്തില്‍ ഹോക്കി സമ്മര്‍ ക്യാംപില്‍ പങ്കെടുത്ത ശേഷം ചിന്നുലക്ഷ്മിയും ധനലക്ഷ്മിയും രക്ഷിതാക്കളോടൊപ്പം ഫുട്പാത്തിലൂടെ നടക്കുമ്പോഴാണ് അപകടമുണ്ടായത്. അമിത വേഗതയില്‍ എത്തിയ കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടം.