കഴക്കൂട്ടം: തിരഞ്ഞെടുപ്പ് വിജയത്തിനായി തനിക്കെതിരെ മനഃപൂര്‍വ്വം വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നവര്‍ക്ക് ദൈവനിശ്ചയമനുസരിച്ചുള്ള ശിക്ഷ ലഭിക്കുമെന്ന് കഴക്കൂട്ടത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‍. ആനയറ മുല്ലൂര്‍ ഭദ്രകാളി ക്ഷേത്രത്തിലെ മേല്‍ശാന്തിയുടെ ആത്മഹത്യയുമായി ബന്ധപ്പെടുത്തി തന്നെ വേട്ടയാടാനാണ് രാഷ്ട്രീയ എതിരാളികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയ്യപ്പനും ഭദ്രകാളിയും ശക്തിയുള്ളവരാണെങ്കില്‍ ഈ കള്ളപ്രചാരണം നടത്തുന്നവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും കടകംപള്ളി പറഞ്ഞു. 'കേരളത്തിലെ പ്രധാനപ്പെട്ട ആയിരത്തോളം ക്ഷേത്രങ്ങളില്‍ പോയിട്ടുള്ള എനിക്ക് ക്ഷേത്രങ്ങളില്‍ എങ്ങനെ പെരുമാറണമെന്ന് വ്യക്തമായ ബോധ്യമുണ്ട്. പൂജാരിമാര്‍ നല്‍കുന്ന തീര്‍ത്ഥം ഭക്തിപൂര്‍വ്വം കുടിക്കാറുമുണ്ട്. ഇതുവരെ ഒരു ക്ഷേത്രത്തില്‍ നിന്നും എനിക്കെതിരെ പരാതി ഉയര്‍ന്നിട്ടില്ല,' അദ്ദേഹം വ്യക്തമാക്കി.

മതത്തെ രാഷ്ട്രീയ ലാഭത്തിനായി ബി.ജെ.പി. ദുരുപയോഗം ചെയ്യുകയാണെന്ന് കടകംപള്ളി കുറ്റപ്പെടുത്തി. ആനയറ ക്ഷേത്രത്തില്‍ ഒരുവിധത്തിലുള്ള ആചാരലംഘനവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. മേല്‍ശാന്തിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇത്തരം കുപ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

തിരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ വിശ്വാസികളെ കൂട്ടുപിടിച്ച് വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് കഴക്കൂട്ടത്ത് നടക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ വിശ്വാസപരമായ കാര്യങ്ങള്‍ തന്നെ ഉയര്‍ത്തിപ്പിടിച്ചാണ് കടകംപള്ളിയുടെ നീക്കം.