മുംബൈ: ആഗോള സമ്പദ്വ്യവസ്ഥയിലെ പ്രതികൂല സാഹചര്യങ്ങള്‍ നിലനില്‍ക്കെ പലിശഭാരം ഉയര്‍ത്താതെ പണനയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. അടിസ്ഥാന പലിശനിരക്കായ റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താന്‍ പണനയ നിര്‍ണ്ണയ സമിതി ഐക്യകണ്‌ഠേന തീരുമാനിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചു.

സാമ്പത്തിക സൂചികകള്‍ക്ക് അനുസൃതമായി പലിശനയം നിശ്ചയിക്കുന്ന 'ന്യൂട്രല്‍' നിലപാടായിരിക്കും വരും മാസങ്ങളിലും ആര്‍ബിഐ പിന്തുടരുക. അടിസ്ഥാന പലിശനിരക്ക് ഉയര്‍ത്താത്തതിനാല്‍ ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ എടുത്തവര്‍ക്ക് അടുത്ത രണ്ട് മാസത്തേക്ക് പലിശഭാരം വര്‍ദ്ധിക്കില്ല എന്നത് വലിയ ആശ്വാസമാണ്. പണപ്പെരുപ്പ ഭീതിയും ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയും ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ദ്ധനയും ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

സ്വര്‍ണ്ണവിലയിലുണ്ടായ കുറവും ഓഹരി വിപണിയിലെ ഇടിവും സമിതി ഗൗരവത്തോടെ നിരീക്ഷിക്കുന്നുണ്ട്. വരും മാസങ്ങളില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പണനയത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.