പാലക്കാട്: പട്ടാമ്പി മണ്ഡലത്തിലെ ഓങ്ങല്ലൂര്‍ കള്ളാടിപ്പറ്റ ജി.എല്‍.പി സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് മുഹ്സിനും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ബൂത്ത് സന്ദര്‍ശനത്തിനിടെ മുഹ്സിന്‍ വോട്ട് ചോദിച്ചുവെന്നും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ചാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ഇതോടെ ഇരുവിഭാഗവും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കവും ഉന്തും തള്ളുമുണ്ടായി.

മദ്യപിച്ചെത്തിയ ഒരു സംഘം യുഡിഎഫ് പ്രവര്‍ത്തകര്‍ തന്നെ തടയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് മുഹമ്മദ് മുഹ്സിന്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസിനും ജില്ലാ റിട്ടേണിംഗ് ഓഫീസര്‍ക്കും അദ്ദേഹം പരാതി നല്‍കി. സ്ഥാനാര്‍ത്ഥി എന്ന നിലയിലുള്ള സ്വാഭാവിക സന്ദര്‍ശനത്തെ രാഷ്ട്രീയ ലക്ഷ്യത്തോടെ തടസ്സപ്പെടുത്തിയെന്നാണ് എല്‍ഡിഎഫ് കേന്ദ്രങ്ങളുടെ നിലപാട്.

സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയെന്നാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രധാന ആരോപണം. മുഹ്സിന്‍ ബൂത്തിനകത്ത് കയറി വോട്ടര്‍മാര്‍ക്ക് ഹസ്തദാനം നല്‍കുകയും അവരെ നേരിട്ട് സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു. ഇതേത്തുടര്‍ന്ന് പ്രതിഷേധം ഉയര്‍ത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ മുഹ്സിനോട് ഉടന്‍ ബൂത്തില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

സംഘര്‍ഷാവസ്ഥ നിലനിന്നതോടെ പോലീസ് സ്ഥലത്തെത്തുകയും ഇരുവിഭാഗം പ്രവര്‍ത്തകരെയും പിരിച്ചുവിടുകയും ചെയ്തു. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി മുഹ്സിനെതിരെ നടപടി വേണമെന്ന് യുഡിഎഫ് ആവശ്യപ്പെടുമ്പോള്‍, തന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന നിലപാടിലാണ് മുഹ്സിന്‍.