കൊല്ലം: സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂലമായ വലിയ രാഷ്ട്രീയ തരംഗമാണ് നിലവിലുള്ളതെന്നും നൂറിലധികം സീറ്റുകള്‍ നേടി മുന്നണി അധികാരത്തിലെത്തുമെന്നും ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍.

പശ്ചിമ ബംഗാളില്‍ സംഭവിച്ചതുപോലെ സി.പി.എം കേരളത്തിലും ഒലിച്ചുപോകുന്ന കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു. 1977-ലെ തിരഞ്ഞെടുപ്പ് ഫലം (അന്ന് യുണൈറ്റഡ് ഫ്രണ്ട് നേടിയ വലിയ വിജയം) ആവര്‍ത്തിച്ചാല്‍ പോലും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. ഭരണവിരുദ്ധ വികാരമില്ലെന്ന് സി.പി.എം നേതാക്കള്‍ മാത്രമാണ് പറയുന്നത്. സി.പി.എം പ്രവര്‍ത്തകര്‍ പോലും ഇത്തവണ യു.ഡി.എഫിനാണ് വോട്ട് ചെയ്തത്. ഇത് തിരിച്ചറിഞ്ഞതോടെ സി.പി.എം അക്രമാസക്തമാകുകയാണ്. പയ്യന്നൂരിലും മറ്റും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നവര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ കാടത്തമാണെന്നും ഷിബു ബേബി ജോണ്‍ വിമര്‍ശിച്ചു.

പരാജയഭീതിയില്‍ സി.പി.എം കാട്ടുന്ന പ്രവൃത്തികള്‍ കേരളത്തിന് അപമാനമാണ്. പയ്യന്നൂരില്‍ കാര്‍ കത്തിക്കുന്നതും ചുമരെഴുതാന്‍ സ്ഥലം കൊടുത്തതിന്റെ പേരില്‍ വീടിന്റെ ചുമര്‍ ഇടിച്ച് കളയുന്നതും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ചുമര്‍ ഇടിച്ച് കളയുന്ന സംഭവം കേരളത്തില്‍ ആദ്യമായാണ്. തോല്‍വിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സി.പി.എം ഇപ്പോഴും തയ്യാറല്ല എന്നതിന്റെ തെളിവാണ് ഈ അക്രമങ്ങളെന്നും അദ്ദേഹം ആരോപിച്ചു. കൊല്ലം ജില്ലയുള്‍പ്പെടെ തെക്കന്‍ കേരളത്തില്‍ യു.ഡി.എഫ് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവെച്ചു.