തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ വിജയിക്കാന്‍ ബിജെപി വലിയ തോതില്‍ പണവും മദ്യവും ഒഴുക്കിയെന്ന ഗുരുതര ആരോപണവുമായി മന്ത്രി വി. ശിവന്‍കുട്ടി. ഒരു വോട്ടിന് 15,000 രൂപ വരെ ഗൂഗിള്‍ പേ വഴി വോട്ടര്‍മാര്‍ക്ക് ബിജെപി കൈമാറിയെന്നും വിവിധ പ്രാദേശിക സംഘടനകളെപ്പോലും പണം നല്‍കി വിലയ്‌ക്കെടുത്താണ് ബിജെപി വോട്ട് പിടിച്ചതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷമായ പരിഹാസമാണ് മന്ത്രി ഉയര്‍ത്തിയത്. 'രാജീവ് ചന്ദ്രശേഖറിനോട് മത്സരിക്കാന്‍ പറ്റിയ ഏക സ്ഥാനാര്‍ത്ഥി അദാനി മാത്രമാണ്' എന്നായിരുന്നു ശിവന്‍കുട്ടിയുടെ പരാമര്‍ശം. പണക്കൊഴുപ്പ് ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് ബിജെപി നടത്തിയത്. നേമത്തെ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിക്ക് അനുകൂലമാക്കാന്‍ യുഡിഎഫ് ശ്രമിച്ചതായും ഇതിനായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടായതായും അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെക്കുറിച്ച് ബോധപൂര്‍വ്വം അപവാദങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെ മന്ത്രി വൈകാരികമായാണ് പ്രതികരിച്ചത്. 'രോഗം വരുന്നത് ഒരു കുറ്റമാണോ?' എന്ന് അദ്ദേഹം ചോദിച്ചു. തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടത്തി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയനെതിരായ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമര്‍ശങ്ങള്‍ക്കും ശിവന്‍കുട്ടി മറുപടി നല്‍കി. മുഖ്യമന്ത്രിയുടേത് സ്വാഭാവികമായ പ്രതികരണം മാത്രമാണ്. പിണറായി വിജയനും രേവന്ത് റെഡ്ഡിയും തമ്മില്‍ 'ആനയും ആടും' തമ്മിലുള്ള വ്യത്യാസമുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എഴുതിക്കൊടുത്ത ഡയലോഗാണ് രേവന്ത് റെഡ്ഡി പറയുന്നതെന്നും മന്ത്രി പരിഹസിച്ചു. ബിജെപിയുടെയും യുഡിഎഫിന്റെയും ഈ നീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും തിരുവനന്തപുരത്ത് എല്‍ഡിഎഫ് തന്നെ വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.