കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ഉപാധികളോടെ ജാമ്യം ലഭിച്ചതോടെ സംവിധായകന്‍ രഞ്ജിത്ത് ജയില്‍ മോചിതനായി. 10 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് എറണാകുളം ഫസ്റ്റ് ക്‌സാസ് മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രഞ്ജിത്തിന്റെ ആരോഗ്യ നില പരിഗണിച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്നും രഞ്ജിത്ത് കോടതിയെ ബോധിപ്പിച്ചു. നേരത്തെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി ഇടക്കാല ജാമ്യം വേണമെന്ന രഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ജയിലില്‍ കഴിയുന്ന പ്രതിക്ക് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവകാശമില്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു നടപടി.

അറസ്റ്റിലായി 10 ദിവസത്തിന് ശേഷമാണ് രഞ്ജിത്ത് പുറത്തിറങ്ങിയത്. സബ് ജയിലിന് പുറത്തേക്കിറങ്ങിയ രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിക്കാതെ കാറില്‍ കയറി. യുവനടിയുടെ അഭിനയം പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാത്തതിനാല്‍ താന്‍ വിമര്‍ശിക്കുകയും ചില സീനുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇക്കാര്യം സെറ്റില്‍ എല്ലാവരും അറിഞ്ഞു. ഇതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നാണ് രഞ്ജിത്തിന്റെ വാദം. എന്നാല്‍, രഞ്ജിത്തിനെതിരെ കൃത്യമായ തെളിവുകള്‍ ശേഖരിച്ചുവെന്നാണ് പ്രേസിക്യൂഷന്റെ അവകാശവാദം. രഞ്ജിത്തിന്റെ സിനിമയില്‍ നിന്നുള്ളവരാണ് പ്രധാന സാക്ഷികള്‍ എന്നതിനാല്‍ ഇവരെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചില്ല.

താന്‍ സാക്ഷികളെ സ്വാധീനിക്കില്ലെന്നും സാക്ഷികളുള്ള പരിധിയില്‍ പ്രവേശിക്കില്ലെന്നും രഞ്ജിത്ത് കോടതിയെ അറിയിച്ചു. കുറ്റം സമ്മതിച്ചില്ല എന്ന് കരുതി അന്വേഷണത്തോട് സഹകരിച്ചില്ല എന്ന് പറയാനാകില്ല. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാം. ഫോര്‍ട്ട് കൊച്ചിയിലെ സിനിമ സെറ്റില്‍ വച്ച് യുവനടിയോട് ലൈംഗിക് അതിക്രമം കാട്ടിയെന്ന പാരാതിയില്‍ ഏപ്രില്‍ ഒന്നിനാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. തലന്ന് രാത്രി തൊടുപുഴയില്‍ വച്ച് രഞ്ജിത്ത് സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

രഞ്ജിത്തിന്റെ മൊബൈല്‍ ഫോണ്‍ അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതു കോടതിയുടെ അനുമതിയോടെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവസമയത്തു സെറ്റിലുണ്ടായിരുന്നവരെ നോട്ടിസ് നല്‍കി വിളിപ്പിച്ചാണു മൊഴിയെടുക്കുന്നത്. കുറ്റകൃത്യം നടന്ന അന്നുതന്നെ പ്രതി രഞ്ജിത് അതിജീവിതയെ ഫോണില്‍ വിളിച്ചിരുന്നതായി സിറ്റി പൊലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍ പറഞ്ഞു.

നടി സെറ്റില്‍ നിന്നു മടങ്ങിയ ഉടനാണു രഞ്ജിത് വിളിച്ചത്. എന്നാല്‍ നടി ഫോണ്‍ എടുത്തില്ല. അതിജീവിതയെ രഞ്ജിത്ത് നേരിട്ടു ഭീഷണിപ്പെടുത്തിയതായി ആക്ഷേപമില്ലെന്നും കമ്മിഷണര്‍ പറഞ്ഞു. പരാതി നല്‍കാന്‍ വൈകിയതില്‍ അസ്വാഭാവികതയില്ല. പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്ന സമയത്തു രഞ്ജിത്തിനൊപ്പം കാറില്‍ ഉണ്ടായിരുന്ന നടന്‍ ബോബി കുര്യനെയും കാസ്റ്റിങ് ഡയറക്ടര്‍ ശാലിനിയെയും വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. അതിജീവിതയുടെ പേര് പലരും വെളിപ്പെടുത്തുന്നുണ്ടെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രത്യേക അന്വേഷണസംഘത്തെ നയിക്കുന്ന സിറ്റി പൊലീസ് ഡിസിപി അശ്വതി ജിജി മുന്നറിയിപ്പു നല്‍കി.

ഫോര്‍ട്ട്‌കൊച്ചിയിലെ സിനിമാസെറ്റില്‍ പ്രതിയുടെ ഭാഗത്തുനിന്നു ലൈംഗികാതിക്രമം നേരിട്ടെന്നാരോപിച്ചു യുവനടി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയിലാണു രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയോടെ സംസാരിക്കല്‍, തടഞ്ഞുവയ്ക്കല്‍, ലൈംഗികാവശ്യം ഉന്നയിക്കല്‍ തുടങ്ങിയ ഗൗരവ സ്വഭാവമുള്ള വകുപ്പുകള്‍ ചുമത്തി എറണാകുളം വനിതാ പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്. തൊടുപുഴയില്‍നിന്ന് രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. പരാതിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന വാദമാണു രഞ്ജിത്ത് ജാമ്യാപേക്ഷയില്‍ ഉന്നയിച്ചത്.

ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെയും റൈറ്റേഴ്‌സ് യൂണിയന്റെയും പ്രാഥമികാംഗത്വത്തില്‍നിന്നു രഞ്ജിത്തിനെ സസ്‌പെന്‍ഡ് ചെയ്തു.