തിരുവനന്തപുരം: ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി. ആറ്റിങ്ങലിലെ ആലംകോട് മണ്ണൂര്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഗ്യാസ് ഏജന്‍സിയില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. സിവില്‍ സപ്ലൈസിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ആണ് സിലിണ്ടറുകള്‍ പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്‌ക്വാഡ് ഇവിടെ പരിശോധന ആരംഭിച്ചത്. അങ്ങിനെയാണ് വിനോദ് ഗ്യാസ് ഏജന്‍സിയില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച സിലിണ്ടറുകള്‍ കണ്ടെത്തുന്നത്. 5 കിലോ സിലിണ്ടറുകളും വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വലിയ സിലിണ്ടറുകള്‍ ഉള്‍പ്പടെയാണ് പിടിച്ചെടുത്തത്. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സിലിണ്ടര്‍ ക്ഷാമം നേരിടുന്നതിനാല്‍ ഇത്തരത്തില്‍ അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന സിലിണ്ടറുകള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡിനെ തന്നെ ചുമതലപ്പെടുത്തിയിരുന്നു.