തിരുവനന്തപുരം: അബുദാബിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്നതിനിടെ വര്‍ക്കല സ്വദേശിയായ യുവാവിനെ ചെന്നൈ വിമാനത്താവളത്തില്‍ നിന്നും കാണാതായതായി പരാതി. വര്‍ക്കല സ്വദേശി മുഹമ്മദ് ഇന്‍സാമിനെ (23) ആണ് മാര്‍ച്ച് 30 മുതല്‍ കാണാതായത്. അബുദാബിയില്‍ നിന്നും ചെന്നൈ വഴി നാട്ടിലേക്ക് വരാനായിരുന്നു ഇന്‍സാം തീരുമാനിച്ചിരുന്നത്.

മാര്‍ച്ച് 30-ന് ചെന്നൈ വിമാനത്താവളത്തില്‍ എത്തിയതായി ഇന്‍സാം ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാല്‍ അതിനുശേഷം ഇന്‍സാമിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ബന്ധുക്കള്‍ വര്‍ക്കല പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വിമാനത്താവളത്തിന് പുറത്തിറങ്ങിയോ അതോ മറ്റെന്തെങ്കിലും സംഭവിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വര്‍ക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെന്നൈ വിമാനത്താവള അധികൃതരുമായും തമിഴ്‌നാട് പൊലീസുമായും കേരള പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. വിമാനത്താവളത്തിനകത്തെയും പുറത്തെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. ഇന്‍സാം വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് പോയിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പൊലീസ് നിലവില്‍ ശ്രമിക്കുന്നത്. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പൊലീസിനെ അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.