- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കലാലയങ്ങളിലെ ജാതിവിവേചനം ആശങ്കാജനകമെന്ന് രമേശ് ചെന്നിത്തല

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ദുരൂഹ മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിതിന്‍ രാജിന്റെ മരണത്തിന് പിന്നില്‍ ജാതി-വര്‍ണ്ണ അധിക്ഷേപമുണ്ടെന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ആരോപണം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തതുകൊണ്ട് മാത്രം ഈ വിഷയം അവസാനിക്കില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കേവലമൊരു നടപടിയിലൊതുക്കാതെ, സംഭവത്തിന് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. സ്വന്തം മകന്‍ കടുത്ത ജാതി വിവേചനത്തിന് ഇരയായെന്ന് മാതാപിതാക്കള്‍ ഉറപ്പിച്ചു പറയുന്നുണ്ട്. ജാതിയെയും നിറത്തെയും ചൊല്ലിയുള്ള അധിക്ഷേപത്തിനൊപ്പം ക്രൂരമായ റാഗിംഗിനും നിതിന്‍ രാജ് വിധേയനായതായാണ് അറിയാന്‍ കഴിയുന്നത്.
പരാതികളുമായി അധ്യാപകരെയും വകുപ്പ് മേധാവികളെയും സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്ന കുടുംബത്തിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. ഈ ആരോപണങ്ങളെല്ലാം ഉള്‍പ്പെടുത്തി വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണം. നവോത്ഥാന കേരളമെന്ന് മേനി നടിക്കുമ്പോഴും നമ്മുടെ കലാലയങ്ങളില്‍ പോലും ജാതി വിവേചനം ശക്തമായി നിലനില്‍ക്കുന്നു എന്നത് ആശങ്കാജനകമാണ്. കഴിഞ്ഞ പത്തുവര്‍ഷത്തെ സി.പി.എം ഭരണത്തിനിടയില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ സംസ്ഥാനത്ത് വന്‍തോതില്‍ വര്‍ധിച്ചതായും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.


