മുംബൈ: അതിപ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്ലെയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തെയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളെയും തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരമാണ് 92-കാരിയായ ഗായികയെ ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അവരുടെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കയേറുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പക്ഷേ ചികില്‍സയോട് പ്രതികരിക്കുന്നത് ആശ്വാസമാണ്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ആശാ ഭോസ്ലെയ്ക്ക് കാര്‍ഡിയോപള്‍മണറി റീസസിറ്റേഷന്‍ നല്‍കേണ്ടി വന്നതായും സൂചനകളുണ്ട്. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഹൃദയത്തിന് അമിത സമ്മര്‍ദ്ദം അനുഭവപ്പെട്ടതാണ് ആരോഗ്യനില വഷളാകാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം. ആരോഗ്യസ്ഥിതി ഗുരുതരമാണെങ്കിലും അവര്‍ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും നേരിയ പുരോഗതിയുണ്ടെന്നും ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കുടുംബാംഗങ്ങള്‍ ഇതുവരെ ഔദ്യോഗിക ആരോഗ്യ ബുള്ളറ്റിന്‍ പുറത്തിറക്കിയിട്ടില്ല.

എന്നാല്‍, ശനിയാഴ്ച രാത്രി അവരുടെ കൊച്ചുമാകള്‍ സനായ ഭോസ്ലെ ഇന്‍സ്റ്റാഗ്രാമിലൂടെ ചില വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. അമിതമായ തളര്‍ച്ചയും നെഞ്ചിലെ അണുബാധയും കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും സനായ കുറിച്ചു. ചികിത്സ തുടരുകയാണെന്നും ശുഭവാര്‍ത്തയ്ക്കായി കാത്തിരിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സംഗീത ലോകത്തെ പ്രമുഖരും ആരാധകരും പ്രിയ ഗായികയുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനകളുമായി രംഗത്തെത്തിയിട്ടുണ്ട്. എട്ട് പതിറ്റാണ്ട് നീണ്ട സംഗീത സപര്യയിലൂടെ ഇന്ത്യന്‍ സിനിമയുടെ ശബ്ദമായി മാറിയ പ്രതിഭയാണ് ആശാ ഭോസ്ലെ. വിഖ്യാത ഗായിക ലതാ മങ്കേഷ്‌കറുടെ സഹോദരിയായ അവര്‍, 12,500-ലധികം ഗാനങ്ങള്‍ വിവിധ ഭാഷകളിലായി ആലപിച്ചിട്ടുണ്ട്. മീന കുമാരി മുതല്‍ ഉര്‍മിള മാതോണ്ട്കര്‍ വരെയുള്ള നായികമാര്‍ക്ക് വേണ്ടി അവര്‍ ശബ്ദം നല്‍കി.മലയാളം ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളിലും സജീവമായിരുന്ന അവര്‍ പത്മിനി, വൈജയന്തിമാല തുടങ്ങിയ താരങ്ങള്‍ക്ക് വേണ്ടിയും നിരവധി ഹിറ്റുകള്‍ സമ്മാനിച്ചു.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ബഹുമതികളും ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡും പത്മവിഭൂഷണും നല്‍കി രാജ്യം അവരെ ആദരിച്ചിട്ടുണ്ട്.പ്രായം നല്‍കുന്ന അവശതകള്‍ക്കിടയിലും സംഗീത പരിപാടികളില്‍ സജീവമായിരുന്ന ഗായികയുടെ പെട്ടെന്നുണ്ടായ അസുഖം ആരാധകരെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ ഒരു സംഘം അവരുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.