കോഴിക്കോട്: റെയില്‍വേ സ്റ്റേഷനുകളിലെ ടിക്കറ്റ് വിതരണ സംവിധാനം പൂര്‍ണ്ണമായും ഡിജിറ്റല്‍ യുഗത്തിലേക്ക് ചുവടുവെക്കുന്നു. അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ക്കായി സ്റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഒന്നിലധികം കൗണ്ടറുകളില്‍ ഒരെണ്ണം ഇനി മുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. ഇവിടെ ടിക്കറ്റ് നിരക്കായി പണം സ്വീകരിക്കില്ല. പകരം ക്യു.ആര്‍. കോഡ് സ്‌കാനിംഗ്, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ വഴി മാത്രമേ ടിക്കറ്റ് ലഭിക്കൂ.

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 'ഡിജിറ്റലാകൂ സ്മാര്‍ട്ടാകൂ', 'കാഷ് വേണ്ട, ബുദ്ധിമുട്ടില്ല' തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി റെയില്‍വേ സ്റ്റേഷനുകളില്‍ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഭൂരിഭാഗം യാത്രക്കാരും ഡിജിറ്റല്‍ രീതിയിലേക്ക് മാറിയെങ്കിലും, പണമായി പണമടയ്ക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ പോസ്റ്ററുകളും റെയില്‍വേ പുറത്തിറക്കിയിട്ടുണ്ട്.

ഭാവിയില്‍ ടിക്കറ്റ് ഇടപാടുകള്‍ പൂര്‍ണ്ണമായും ഡിജിറ്റലാകുന്നതോടെ നിലവിലുള്ള കൗണ്ടറുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ ഒഴിവാക്കപ്പെടുന്ന ജീവനക്കാരെ റെയില്‍വേയുടെ മറ്റ് വിഭാഗങ്ങളിലേക്ക് പുനര്‍വിന്യസിക്കും. ചെറിയ സ്റ്റേഷനുകളില്‍ റിസര്‍വേഷനും ജനറല്‍ ടിക്കറ്റും ഒരേ കൗണ്ടറില്‍ നല്‍കുന്ന ഐ.യു.ടി.എസ്. (കഡഠട) സംവിധാനമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇതിലും മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.

യുടിഎസ് ആപ്പ് വഴി ടിക്കറ്റ് എടുക്കാന്‍ യാത്രക്കാരെ സഹായിക്കുന്നതിനായി സ്റ്റേഷനുകളില്‍ പ്രത്യേക മൊബൈല്‍ സഹായികളെയും റെയില്‍വേ നിയമിച്ചു തുടങ്ങിയിട്ടുണ്ട്. എ.ടി.വി.എം. മെഷീനുകള്‍ക്ക് പുറമെ സ്റ്റേഷനകത്തും പുറത്തും സ്വകാര്യ ഏജന്‍സികള്‍ വഴിയുള്ള ടിക്കറ്റ് വിതരണവും നിലവിലുള്ളതുപോലെ തുടരും.