- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കമ്മറ്റി തുടങ്ങും മുന്‍പേ ഫലം വന്നോ?'; വ്യാജ വാര്‍ത്തകള്‍ക്കെതിരെ ബിനോയ് വിശ്വം; മാധ്യമങ്ങളെ പരിഹസിച്ച് കുറിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആവേശം അവസാനിച്ചതിന് പിന്നാലെ, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെയും മന്ത്രിമാരെയും ലക്ഷ്യം വെച്ച് നടന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. ചടയമംഗലത്ത് മത്സരിച്ച ജെ. ചിഞ്ചുറാണിയും ഒല്ലൂരിലെ സ്ഥാനാര്‍ത്ഥി കെ. രാജനും കടുത്ത മത്സരം നേരിട്ടെന്നും ഇവര്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്നുമുള്ള മാധ്യമ വാര്‍ത്തകളെയാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പരിഹസിച്ചത്.
സിപിഐയുടെ ഔദ്യോഗിക വിലയിരുത്തലെന്ന നിലയിലാണ് പ്രമുഖ ന്യൂസ് ചാനലായ റിപ്പോര്‍ട്ടര്‍ ഈ വാര്‍ത്ത പുറത്തുവിട്ടത്. എല്‍.ഡി.എഫിന് ഉറച്ച വിജയസാധ്യതയുള്ള പത്ത് സീറ്റുകളുടെ പട്ടികയില്‍ നിന്ന് ഈ രണ്ട് മന്ത്രിമാരെയും ഒഴിവാക്കി എന്നായിരുന്നു ചാനലിന്റെ അവകാശവാദം. ബ്രേക്കിംഗ് ന്യൂസായി ഈ വിവരങ്ങള്‍ പ്രചരിച്ചതോടെയാണ് ബിനോയ് വിശ്വം മറുപടിയുമായി എത്തിയത്.
'രാവിലെ 11.15-ന് ആരംഭിച്ച കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ പത്തരയ്ക്ക് തന്നെ വിളംബരം ചെയ്ത മാധ്യമ സുഹൃത്തുക്കള്‍ മാന്യന്മാര്‍ തന്നെ' എന്ന് ബിനോയ് വിശ്വം കുറിച്ചു. കമ്മിറ്റി തുടങ്ങുന്നതിന് മുന്‍പേ പാര്‍ട്ടിയുടെ വിലയിരുത്തല്‍ എന്ന പേരില്‍ വ്യാജ വാര്‍ത്തകള്‍ പടച്ചുവിട്ട മാധ്യമങ്ങളുടെ നടപടി അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരക്കാരെ കയറൂരി വിട്ടവര്‍ക്ക് നമോവാകം എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ എല്‍.ഡി.എഫ് കേന്ദ്രങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമമാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്ന് സിപിഐ നേതൃത്വം വിലയിരുത്തുന്നു. യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകള്‍ നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.


