കൊച്ചി: കേരള ഹൈക്കോടതിയിലെ ജഡ്ജിമാരായി ഉയര്‍ത്താന്‍ അഞ്ച് മുതിര്‍ന്ന ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പേരുകള്‍ ഹൈക്കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. വിവിധ കേസുകളിലെ വിധിപ്രസ്താവനകളിലൂടെ ശ്രദ്ധേയരായ ജില്ലാ ജഡ്ജിമാരെയാണ് ജഡ്ജിമാരായി നിയമിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ജില്ലാ ജഡ്ജിമാരായ ഹണി എം. വര്‍ഗീസ്, പി.എസ്. ശശികുമാര്‍, കെ.കെ. ബാലകൃഷ്ണന്‍, എന്‍. ഹരികുമാര്‍, എസ്. നസീറ എന്നിവരെയാണ് ഹൈക്കോടതി കൊളീജിയം ശുപാര്‍ശ ചെയ്തിരിക്കുന്നത്. ശുപാര്‍ശ ചെയ്തവരുടെ പട്ടിക തുടര്‍നടപടികള്‍ക്കായി സുപ്രീംകോടതി കൊളീജിയത്തിന് അയച്ചു നല്‍കി.

സുപ്രീംകോടതി കൊളീജിയത്തിന്റെ അംഗീകാരം ലഭിച്ച ശേഷം കേന്ദ്ര സര്‍ക്കാരിന്റെ പരിശോധനകള്‍ പൂര്‍ത്തിയാക്കി രാഷ്ട്രപതിയാണ് നിയമന ഉത്തരവ് പുറപ്പെടുവിക്കുക. നിലവില്‍ ഹൈക്കോടതിയിലുള്ള ജഡ്ജിമാരുടെ കുറവ് പരിഹരിക്കാന്‍ ഈ നിയമനങ്ങള്‍ വേഗത്തിലാക്കാനാണ് ലക്ഷ്യമിടുന്നത്.