തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ കോളേജ് അധികൃതർക്കും അധ്യാപകർക്കുമെതിരെ രൂക്ഷവിമർശനവുമായി എസ്.എഫ്.ഐ. കലാലയ മുറ്റങ്ങളിൽ ജാതി-വർണ്ണ ചിന്തകൾക്ക് സ്ഥാനമില്ലെന്നും, നിതിൻ രാജിന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

അധ്യാപകർ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനെക്കുറിച്ച് നിതിൻ സുഹൃത്തിന് അയച്ച ശബ്ദസന്ദേശം അതീവ ഗൗരവമുള്ളതാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. സ്വന്തം മകനെ 'പുഴുത്ത പട്ടി' എന്ന് പോലും അധ്യാപകർ വിളിച്ചിരുന്നു എന്ന നിതിന്റെ അമ്മയുടെ വെളിപ്പെടുത്തൽ കേരളീയ പൊതുസമൂഹത്തിന് നടുക്കമുണ്ടാക്കുന്നതാണെന്നും പ്രസ്താവനയിൽ പറയുന്നു. വിദ്യാർത്ഥികൾക്ക് തുല്യതയോടെയും സ്വാതന്ത്ര്യത്തോടെയും പഠിക്കാനുള്ള ഇടമാകണം ക്യാമ്പസുകൾ. അവിടെ ഇത്തരം വിവേചനങ്ങൾ അനുവദിക്കില്ലെന്നും എസ്.എഫ്.ഐ വ്യക്തമാക്കി.

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായ അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ഉൾപ്പെടെ ചുമത്തണമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദും സെക്രട്ടറി പി.എസ്. സഞ്ജീവും ആവശ്യപ്പെട്ടു. ജാതി വിവേചനത്തിനും അധിക്ഷേപങ്ങൾക്കുമെതിരെ സംസ്ഥാനത്തെ ക്യാമ്പസുകളിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.