കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിയാകാനുള്ള സാധ്യത തള്ളാതെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. എംഎല്‍എമാരില്‍ അല്ലാത്ത ഒരാള്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, പാര്‍ട്ടി ആലോചിച്ച് തീരുമാനമെടുത്താല്‍ എല്ലാവരും അത് അംഗീകരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഹൈക്കമാന്‍ഡ് തീരുമാനത്തിന് സംസ്ഥാന ഘടകം വഴങ്ങുമെന്ന സൂചനയാണ് സണ്ണി ജോസഫിന്റെ വാക്കുകള്‍ നല്‍കുന്നത്.

യുഡിഎഫ് ഭരണത്തില്‍ ഉപമുഖ്യമന്ത്രി പദവി ഉണ്ടാകില്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. അത്തരമൊരു ആവശ്യം ആരും ഉന്നയിച്ചിട്ടില്ല. മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ വ്യക്തമാക്കിയ കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭരണ ക്രമീകരണങ്ങളെക്കുറിച്ച് മുന്നണിയില്‍ വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു.

കെ. സുധാകരനെതിരെ കത്തെഴുതിയത് താനാണെന്ന് തെളിയിക്കാന്‍ സണ്ണി ജോസഫ് വെല്ലുവിളിച്ചു. ഈ വ്യാജ കത്തുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. പോലീസില്‍ നിന്ന് ഉചിതമായ നടപടി ഉണ്ടായില്ലെങ്കില്‍ പ്രതിപക്ഷ നേതാവിനൊപ്പം ചേര്‍ന്ന് ഹൈക്കോടതിയെ സമീപിക്കും. വടകരയിലെ 'കാഫിര്‍ സ്‌ക്രീന്‍ഷോട്ട്' വിവാദത്തിന് സമാനമായ ഗൂഢാലോചനയാണിതെന്നും ഇതിന് പിന്നില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന കേന്ദ്രങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.

വയനാട്ടിലെ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അദ്ദേഹം പ്രതികരിച്ചു. സ്ഥലം ലഭിക്കാന്‍ വൈകിയതാണ് നിര്‍മ്മാണം തടസ്സപ്പെടാന്‍ കാരണം. ഫണ്ട് വകമാറ്റമോ അഴിമതിയോ ഇതില്‍ സംഭവിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്ത് ബോധപൂര്‍വ്വം നടത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും സണ്ണി ജോസഫ് പറഞ്ഞു.