കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥി ആര്‍.എല്‍ നിതിന്‍രാജിന്റെ മരണത്തില്‍ ശക്തമായ ഇടപെടലുമായി കേരള സംസ്ഥാന യുവജന കമ്മീഷന്‍. വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയോട് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തിരുവനന്തപുരം ഉഴമലക്കല്‍ സ്വദേശിയായ നിതിന്‍രാജിനെ വെള്ളിയാഴ്ച ഉച്ചയോടെയാണ് കോളേജ് പരിസരത്ത് വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

കോളേജിലെ അധ്യാപകര്‍ക്കെതിരെ നിതിന്‍രാജിന്റെ മാതാപിതാക്കള്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ അതീവ ഗൗരവകരമാണെന്ന് യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം. ഷാജര്‍ വ്യക്തമാക്കി. ആധുനിക കേരളത്തില്‍ ജാതിയുടെ പേരില്‍ ഒരു വിദ്യാര്‍ത്ഥിക്ക് മാനസിക പീഡനവും അപമാനവും നേരിടേണ്ടി വരുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് നിഷ്പക്ഷവും വേഗത്തിലുള്ളതുമായ അന്വേഷണം കമ്മീഷന്‍ ഉറപ്പാക്കും.

സംഭവവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ രണ്ട് അധ്യാപകര്‍ക്കെതിരെ കോളേജ് അധികൃതര്‍ ഇതിനോടകം നടപടി സ്വീകരിച്ചിട്ടുണ്ട്. ഓറല്‍ പാതോളജി വിഭാഗം മേധാവി ഡോ. കെ. റാം, ഡോ. സംഗീത എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. നിതിന്‍രാജിന്റെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നാണ് ഈ നടപടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ ആശുപത്രി റിസപ്ഷനും ലൈബ്രറി കെട്ടിടത്തിനും ഇടയിലുള്ള ചെങ്കല്‍ പാകിയ നിലത്താണ് നിതിനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയത്. ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ക്യാമ്പസുകളിലെ ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്.