വെള്ളറട: വെള്ളറടയില്‍ മകളെ നിരന്തരം മര്‍ദ്ദിച്ച ഭര്‍ത്താവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച 61കാരന്‍ പിടിയില്‍. പത്തുകാണി കടയാറ വീട്ടില്‍ മോജോയെയാണ് (30) ഭാര്യപിതാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ കൂട്ടപ്പൂ ചരിവുവിള സോജി ഭവനില്‍ ദാസിനെ (61) പോലീസ് അറസ്റ്റ് ചെയ്തു.

മകളെ മോജോ ക്രൂരമായി മര്‍ദ്ദിക്കുന്നത് ദാസ് സ്ഥിരമായി കാണാറുണ്ടായിരുന്നു. പലതവണ താക്കീത് നല്‍കിയിട്ടും മര്‍ദ്ദനം തുടര്‍ന്നതാണ് അക്രമത്തില്‍ കലാശിച്ചത്. സംഭവദിവസം മകളുടെ നിലവിളി കേട്ടെത്തിയ ദാസ് മരുമകനെ വെട്ടി വീഴ്ത്തുകയായിരുന്നു. ഇതിനുശേഷം സ്ഥലത്തുനിന്നും രക്ഷപ്പെട്ട ഇയാള്‍ ആറുകാണി വഴി തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വെള്ളറട പോലീസ് പിടികൂടിയത്.

ഗുരുതരമായി പരിക്കേറ്റ മോജോയെ ഭാര്യയും നാട്ടുകാരും ചേര്‍ന്ന് കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ ദാസിനെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്നുണ്ടായ ഈ അക്രമം പ്രദേശത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്.