ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ജാമ്യം നിഷേധിച്ച സുപ്രീം കോടതി വിധിക്കെതിരെ ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദ് പുനഃപരിശോധനാ ഹര്‍ജി നല്‍കി. ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് ഉമര്‍ ഖാലിദിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ജസ്റ്റിസ് അരവിന്ദ് കുമാറിന്റെ ബെഞ്ചിനോട് ആവശ്യപ്പെട്ടു. ഹര്‍ജി പരിഗണിക്കാമെന്ന് കോടതി അറിയിച്ചെങ്കിലും കൂടുതല്‍ നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല.

ഈ വര്‍ഷം ജനുവരിയില്‍ ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളിയത്. കലാപ ഗൂഢാലോചനയില്‍ ഇവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഇതേ കേസില്‍ പ്രതികളായ ഗള്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍ ഉള്‍പ്പെടെയുള്ള അഞ്ച് പേര്‍ക്ക് വിചാരണ വൈകുന്നത് കണക്കിലെടുത്ത് കര്‍ശന വ്യവസ്ഥകളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

മറ്റ് പ്രതികളില്‍ നിന്ന് വ്യത്യസ്തമായ പങ്കാണ് ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ഗൂഢാലോചനയിലുള്ളതെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. നിലവിലെ ഉത്തരവ് വന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുകയോ, അല്ലെങ്കില്‍ കേസിലെ സംരക്ഷിത സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാകുകയോ ചെയ്താല്‍ ഇവര്‍ക്ക് വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും അന്ന് വിധിയില്‍ വ്യക്തമാക്കിയിരുന്നു.