പാലക്കാട്: കര്‍ണാടകയിലെ ചിക്കമഗളൂരില്‍ വിനോദസഞ്ചാര യാത്രയ്ക്കിടെ കൊക്കയില്‍ വീണ് മരിച്ച പതിനഞ്ചുകാരി ശ്രീനന്ദയുടെ വീട്ടിലെത്തി മന്ത്രി എം.ബി. രാജേഷ് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കടമ്പഴിപ്പുറത്തെ വീട്ടിലെത്തിയ മന്ത്രി, ഒരു നാടിന്റെയാകെ അഭിമാനമായിരുന്ന മിടുക്കിയായ ഒരു പെണ്‍കുട്ടിയുടെ അകാല വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പഠനത്തിലും കലാ-കായിക രംഗങ്ങളിലും മികവ് പുലര്‍ത്തിയിരുന്ന ശ്രീനന്ദ കടമ്പഴിപ്പുറം ഹൈസ്‌കൂളിലെ തിളങ്ങുന്ന നക്ഷത്രമായിരുന്നുവെന്ന് മന്ത്രി അനുസ്മരിച്ചു. വീടിന്റെ വലിയ പ്രതീക്ഷയായിരുന്ന കുട്ടിയുടെ മരണം കുടുംബത്തിന് മാത്രമല്ല, നാടിനാകെ നികത്താനാവാത്ത നഷ്ടമാണ്. ശ്രീനന്ദയുടെ വിയോഗം ഉണ്ടാക്കിയ ശൂന്യതയില്‍ കുടുംബത്തോടൊപ്പം പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

ശ്രീനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അപകടം എങ്ങനെ സംഭവിച്ചു എന്ന കാര്യത്തില്‍ ഇനിയും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. മരണത്തിലെ ദുരൂഹതകളും സംശയങ്ങളും നീക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തില്‍ കര്‍ണാടക പോലീസ് വ്യക്തത വരുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

സിപിഐ എം ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറി കെ. ജയദേവനും മന്ത്രിയോടൊപ്പം കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. ശ്രീനന്ദയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ച മന്ത്രി, സര്‍ക്കാര്‍ എല്ലാ പിന്തുണയും കുടുംബത്തിന് നല്‍കുമെന്നും ഉറപ്പുനല്‍കി.