- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചൂട് 55 ഡിഗ്രിയാകും, മൊബൈല്‍ പൊട്ടിത്തെറിക്കും': ആ വാട്സാപ് സന്ദേശം വ്യാജം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ മുന്നറിയിപ്പുകള്‍ തള്ളിക്കളയണമെന്ന് ദുരന്തനിവാരണ അതോറിറ്റി. ഔദ്യോഗിക അറിയിപ്പ് എന്ന വ്യാജേന വാട്‌സാപ്പിലും മറ്റും പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ ദുരന്ത നിവാരണ നിയമം അനുസരിച്ച് ശിക്ഷാര്‍ഹമാണ്.
ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ താപനില 45 ഡിഗ്രി മുതല്‍ 55 ഡിഗ്രി വരെ ഉയരുമെന്നും, അമിത ചൂട് കാരണം മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പ്രചാരണം. കൂടാതെ, കാറുകളില്‍ ഇന്ധന ടാങ്ക് പൂര്‍ണ്ണമായും നിറയ്ക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും ഇതിലുണ്ട്. 'സിവില്‍ ഡിഫന്‍സ് വകുപ്പ്' എന്ന പേരിലാണ് ഈ സന്ദേശം പ്രചരിക്കുന്നത്.
കേരളത്തില്‍ 'സിവില്‍ ഡിഫന്‍സ്' എന്ന പേരില്‍ പ്രത്യേക വകുപ്പില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഫയര്‍ ഫോഴ്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സേനയാണ് സിവില്‍ ഡിഫന്‍സ്. കേരളത്തിലെ താപനില 50 ഡിഗ്രിക്ക് മുകളില്‍ പോകുമെന്ന ഒരു പ്രവചനവും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നടത്തിയിട്ടില്ല. ഔദ്യോഗിക അറിയിപ്പുകള്‍ക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റും ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളും മാത്രം ആശ്രയിക്കണമെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


