തുറവൂര്‍: ചേര്‍ത്തല തുറവൂര്‍ ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ വന്‍ തീപിടിത്തം. ആശുപത്രി വളപ്പിലെ മരുന്നുകള്‍ സൂക്ഷിക്കുന്ന ഗോഡൗണിനാണ് (ഡ്രഗ് സ്റ്റോര്‍) തീപിടിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ചിട്ടും തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല.

ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളും മറ്റ് ആശുപത്രി ഉപകരണങ്ങളും കത്തിയമര്‍ന്നതായാണ് പ്രാഥമിക വിവരം. മരുന്നുകളും പ്ലാസ്റ്റിക് കവറുകളും കത്തുന്നതിനാല്‍ പ്രദേശത്താകെ കനത്ത കറുത്ത പുക ഉയരുകയാണ്. ഇത് സമീപവാസികളിലും രോഗികളിലും ശ്വാസംമുട്ടല്‍ ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ക്കും പരിഭ്രാന്തിക്കും കാരണമായിട്ടുണ്ട്.

ചേര്‍ത്തലയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും കൂടുതല്‍ അഗ്‌നിരക്ഷാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പുക ഉയരുന്നതിനാല്‍ ഗോഡൗണിനുള്ളിലേക്ക് കടന്ന് തീ അണയ്ക്കുന്നത് ദുഷ്‌കരമായി തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

പുക ശ്വസിച്ച് ആര്‍ക്കെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായോ എന്ന കാര്യവും പരിശോധിച്ചുവരികയാണ്. ആശുപത്രിയിലെ രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചുവരുന്നു.