- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിതിന്‍ രാജിന്റെ മരണം: വിട്ടുവീഴ്ചയില്ല, കോളേജ് പൂട്ടുന്നത് പോലും ആലോചിക്കും; ആഞ്ഞടിച്ച് വി.സി ഡോ. മോഹനന്‍ കുന്നുമ്മല്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ വിയോഗത്തില്‍ കോളേജ് അധികൃതര്‍ക്കും കുറ്റക്കാര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍. കലാലയങ്ങളില്‍ ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണെന്നും, മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍പ് പരാതികളൊന്നും ലഭിച്ചിരുന്നില്ലെന്നും ഇപ്പോഴാണ് വിഷയത്തില്‍ പരാതികള്‍ ഉയരുന്നതെന്നും വി.സി പറഞ്ഞു. നിതിന്‍ രാജിന്റെ മരണത്തില്‍ കോളേജ് അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയാല്‍ അത്തരമൊരു സ്ഥാപനം തുടരണമോ എന്ന കാര്യത്തില്‍ സര്‍വകലാശാല ഗൗരവകരമായ ആലോചന നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കോളേജിന്റെ അംഗീകാരം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളിലേക്ക് കടക്കുമെന്ന സൂചനയാണ് വി.സി നല്‍കുന്നത്.
മരിച്ച വിദ്യാര്‍ത്ഥിയുടെ വീട് സന്ദര്‍ശിക്കാന്‍ പോലും കോളേജ് അധികൃതര്‍ തയ്യാറാകാത്തത് ശരിയായ നടപടിയല്ലെന്ന് ഡോ. മോഹനന്‍ കുന്നുമ്മല്‍ വിമര്‍ശിച്ചു. ഒരു വിദ്യാര്‍ത്ഥി നഷ്ടപ്പെടുമ്പോള്‍ മാനുഷികമായ പരിഗണന കാണിക്കാത്ത മാനേജ്മെന്റ് നിലപാടിനെ അദ്ദേഹം ചോദ്യം ചെയ്തു. വിഷയത്തിന്റെ ഗൗരവം ചാന്‍സലറെ (ഗവര്‍ണര്‍) നേരിട്ട് കണ്ട് ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ പോലീസ് അന്വേഷണത്തിന് പുറമെ ആരോഗ്യ സര്‍വകലാശാലയുടെ പ്രത്യേക അന്വേഷണ സംഘവും കേസ് പരിശോധിക്കും. അന്വേഷണസംഘം ഉടന്‍ തന്നെ അഞ്ചരക്കണ്ടിയിലെത്തി തെളിവെടുപ്പ് നടത്തും. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ കോളജുകളിലും നിയമപരമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അത് കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും വി.സി വ്യക്തമാക്കി.


