- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതമംഗലത്ത് സിഐ.ടി.യുക്കാർ അടച്ചു പൂട്ടിച്ച വ്യാപാര സ്ഥാപനം നാളെ തുറക്കും; ലേബർ കമ്മീഷണർ വിളിച്ചുചേർത്ത യോഗത്തിൽ ധാരണ
കണ്ണൂർ : മാതമംഗലത്ത് സിഐടിയുക്കാർ സമരം നടത്തി അടച്ചു പൂട്ടിച്ച വ്യാപാര സ്ഥാപനം നാളെ തുറക്കാൻ ധാരണയായി. ലേബർ കമ്മീഷണറും കടയുടമ റാബിയും സിഐടിയുക്കാരും നടത്തിയ ചർച്ചയിലാണ് തീരുമാനം. സിഐടിയു സമരം ചെയ്ത് കടയടച്ചത് സ്വകാര്യ ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നു. കടക്കുള്ളിൽ നിന്നും സാധനങ്ങൾ കയറ്റാനുള്ള അവകാശം ഉടമ റബീയ്ക്ക് തന്നെയായിരിക്കും.
വലിയ വാഹനത്തിൽ നിന്ന് വരുന്ന സാധനങ്ങൾ സിഐടിയുക്കാർ ഇറക്കും. ചെറിയ വാഹനത്തിൽ സാധനങ്ങൾ കയറ്റിറക്കിനുള്ള അവകാശം കടയുടമക്കായിരുന്നു. കടയുടെ മുന്നിലെ സമര പന്തൽ പൊളിക്കുമെന്ന് ചർച്ചയിൽ ധാരണയായിട്ടുണ്ട്. ഊരു വിലക്കും പിൻവലിക്കും. കഴിഞ്ഞ മാസം ഡിസംബർ 23 മുതൽ കട പൂട്ടിക്കിടക്കുകയാണ്.
2021 ഓഗസ്റ്റ് രണ്ടാം തീയതിയാണ് മാതമംഗലത്ത് എസ്ആർ അസോസിയേറ്റ്‌സ് എന്ന ഹാർഡ്‌വെയർ ഷോപ്പ് റബീയ് തുടങ്ങിയത്. തൃശൂർ ആസ്ഥാനമായി സിമന്റ് വ്യാപാരം നടത്തുന്ന സ്റ്റാർ എന്റർപ്രൈസസ് ഉടമ കെ എ സബീലുമായി പാട്ണർ ഷിപ്പിലാണ് കച്ചവടം ആരംഭിച്ചത്. കടയിലേക്ക് ആവശ്യമായ സാധനങ്ങൾ ഇറക്കാൻ സ്വന്തം തൊഴിലാളികൾക്ക് ഹൈക്കോടതി മുഖാന്തിരം ലേബർ കാർഡും വാങ്ങി.
എന്നാൽ അന്ന് തന്നെ സിഐടിയുക്കാർ ലോഡ് ഇറക്കുന്നത് തടയുകയും ഉടമയെ മർദിക്കുകയും ചെയ്തു. പൊലീസ് ഇടപെട്ട് കേസെടുത്തതോടെ തൊഴിൽ നിഷേധം എന്നാരോപിച്ച് കടയ്ക്ക് മുന്നിൽ സിഐടിയു പന്തൽ കെട്ടി സമരം ആരംഭിച്ചു. സാധങ്ങൾ വാങ്ങാൻ വരുന്നവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കാനും തുടങ്ങി.
ഭീഷണി വകവയ്ക്കാതെ സാധനം വാങ്ങിയ പ്രദേശത്തെ സിസിടിവി കട ഉടമ അഫ്‌സലിനെ നടുറോട്ടിൽ വച്ച് ചുമട്ട് തൊഴിലാളികൾ പൊതിരെ തല്ലി. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യം ഉണ്ടായിട്ടും അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നായിരുന്നു സിഐടിയു നേതാക്കളുടെ വിശദീകരണം. സംഭവം സംസ്ഥാന തലത്തിൽ തന്നെ വിവാദമായതിനെ തുടർന്നാണ് തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് നിർദ്ദേശിച്ചത്.സിപിഎം ജില്ലാ നേതൃത്വവും ചർച്ചയ്ക്ക് പച്ചക്കൊടി കാട്ടിയിരുന്നു.