തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയിലേക്ക് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത ജീവനക്കാരുടെ പ്രതിനിധി സി മനോജ്, മനോജ് ബി നായര്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. ദേവസ്വം കമ്മീഷണര്‍ ബിജു പ്രഭാകര്‍ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത ഇരുവരും പിന്നീട് ദേവസ്വം ഭരണസമിതി യോഗത്തിലെത്തി ചുമതലയേറ്റു.

വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ ഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പി സി ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. പുതിയ അംഗങ്ങളെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം ചടങ്ങില്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ പി വിനയന്‍ വായിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ അധ്യക്ഷനായിരുന്ന ഗുരുവായൂര്‍ ദേവസ്വം കമ്മീഷണര്‍ ബിജു പ്രഭാകര്‍ ഐഎഎസ് നിയുക്ത ഭരണ സമിതി അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലി കൊടുത്തു. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, ഭരണ സമിതി അംഗങ്ങളായ ബ്രഹ്‌മശ്രീ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥന്‍, വി ജി രവീന്ദ്രന്‍, എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

ഗവ. ചീഫ് വിപ്പ് ജയരാജ്, എന്‍ കെ അക്ബര്‍ എം എല്‍ എ ഉള്‍പ്പെടെ വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി. ഭരണ സമിതി അംഗങ്ങളായി ചുമതലയേറ്റ സി മനോജിനും മനോജ് ബി നായര്‍ക്കും ദേവസ്വം ജീവനക്കാരുടെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.