നെയ്യാറ്റിൻകര: വിനോദസഞ്ചാര വകുപ്പിൻ്റെ യും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന നെയ്യാർ മേളയ്ക്ക് തുടക്കമായി.

പാറശാല എം.എൽ.എ സി.കെ.ഹരീന്ദ്രൻ മേള ഉദ്ഘാടനം ചെയ്തു. 3ഡി പ്ലാനറ്റോറിയം, റോബോട്ടിക് ഫെസ്റ്റ്, ഭക്ഷ്യമേള,കാർണിവൽ,പുസ്തകോത്സവം,പ്രമുഖ കലാപ്രതിഭകൾ അണിനിരക്കുന്ന കലാരാവുകൾ, പരമ്പരാഗത കലാരൂപങ്ങളുടെ അവതരണങ്ങൾ, ശാസ്ത്ര-സാങ്കേതിക പ്രദർശനങ്ങൾ തുടങ്ങിയവയാണ് മേളയുടെ ആകർഷണം.

മേള സെപ്തംബർ 14ന് സമാപിക്കും. നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, സമിതി ജില്ലാ സെക്രട്ടറി ആദർശ് ചന്ദൻ, സംസ്ഥാന വൈസ് പ്രസിഡന്റ് വി.പാപ്പച്ചൻ, ജനറൽ കൺവീനർ എം.ഷാനവാസ്, കൺവീനർ പി.ബാലചന്ദ്രൻ നായർ, കെ.കെ.ശ്രീകുമാർ, മുരളീധരൻ നായർ, പുന്നക്കാട് തുളസീധരൻ, മഞ്ചവിളാകം ജയൻ, കൗൺസിലർ എം.എ.സാദത്ത് തുടങ്ങിയവർ പങ്കെടുത്തു.

മേളയിൽ റീൽസ് പ്രേമികൾക്കും സെൽഫി പ്രേമികൾക്കുമായി മത്സരവും ഒരുക്കിയിട്ടുണ്ട്. ട്രോൾ നെയ്യാറ്റിൻകരയും നെയ്യാർ മേള സംഘാടക സമിതിയും സംഘടിപ്പിക്കുന്ന റീൽസ്,സെൽഫി കോണ്ടസ്റ്റും മേളയുടെ മറ്റൊരു ആകർഷമാണ്. റീൽസ്, സെൽഫി കോണ്ടസ്റ്റ് വിജയിയെ കാത്തിരിക്കുന്നത് ഒരു സ്മാർട്ട് ഫോൺ ആണ്. കൂടാതെ രണ്ടാം സമ്മാനമായി 5000 രൂപ, മൂന്നാം സമ്മാനം 3000 , നാലാം സമ്മാനം 2000 അതിനൊപ്പം ദിവസവും പ്രോത്സാഹനമായി തെരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേർക്ക് മൊബൈൽ ഗാഡ്ജറ്റുകളും മുണ്ടും സമ്മാനമായി നൽകുന്നു.