- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർവ്വകലാശാലകളെ തകർക്കാനുള്ള ആസൂത്രിത നീക്കത്തെ ചെറുക്കണമെന്ന് എൻ ജി ഒ യൂണിയൻ; സംസ്ഥാന സമ്മേളന ഭാഗമായി പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു
കൊച്ചി:ഉന്നതമായ ജനാധിപത്യ ബോധത്തിന്റെയും അക്കാദമിക നിലവാരത്തിന്റെയും കേന്ദ്രമായ കേരളത്തിലെ സർവ്വകാലാശാലകളെ തകർക്കാനുള്ള ആസൂത്രിത നീക്കത്തെ ചെറുക്കണമെന്ന് എൻ ജി ഒ യൂണിയൻ 59-ാം സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തു. കേരളത്തിലെ സർവ്വകലാശാലയിലെ 9 വൈസ്ചാൻസലർമാരോടും രാജിവെയ്ക്കാനുള്ള ഗവർണറുടെ നിർദ്ദേശം എല്ലാ ജനാധിപത്യസീമകളെയും ലംഘിക്കുന്നതാണ്.
കേരള സർവ്വകലാശാല വൈസ്ചാൻസലറുടെ നിയമനത്തിനുള്ള സർച്ച് കമ്മറ്റിയിൽ ഏകപക്ഷീയമായി പ്രതിനിധികളെ നോമിനേറ്റ് ചെയ്തും, സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്തതിനാൽ 15 അംഗങ്ങളെ അയോഗ്യരാക്കിയും ഗവർണർ സ്വീകരിച്ച തെറ്റായ നടപടിയുടെ തുടർച്ചയായാണ് പുതിയ തീരുമാനം.
വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ അജണ്ടകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്ന കേരളത്തിന്റെ നീക്കത്തെ തകർക്കാനും കേരളം മുന്നോട്ടു വയ്ക്കുന്ന മതനിരപേക്ഷ വിദ്യാഭ്യാസ മാതൃകയെ ഇല്ലാതാക്കാനുമുള്ള ബോധപൂർവ്വമായ നീക്കം അപലപനീയമാണ്. നിയമസഭ പാസ്സാക്കിയ നിയമങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സർവ്വകലാശാലകളെ സംഘപരിവാർ ഗൂഢാലോചനയുടെ ഭാഗമായി തകർക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം അനിവാര്യമാണ്.
വിദ്യാഭ്യാസത്തിന്റെ മതനിരപേക്ഷതാ ഉള്ളടക്കം സംരക്ഷിക്കുന്നതിനും സർവ്വകാലാ ശാലകളുടെ ജനാധിപത്യപരമായ അക്കാദമിക സ്വയംഭരണം സംരക്ഷിക്കുന്നതിനും യോജിച്ച പോരാട്ടം അനിവാര്യമാണെന്നും എൻ ജി ഒ യൂണിയൻ പറഞ്ഞു.




