- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 22 കാരൻ 10 ദിവസം ഡോക്ടർ ചമഞ്ഞ് കിടപ്പു രോഗിയെ ചികിത്സിച്ച കേസ്; പ്രതി നിഖിലിനെതിരെ പൊലീസ് കുറ്റപത്രം; നിഖിൽ രക്തസാമ്പിളിൽ വെള്ളം ചേർത്തെന്ന് പൊലീസ്
തിരുവനന്തപുരം: പി.ജി. ഡോക്ടർ ചമഞ്ഞ് തലസ്ഥാന മെഡിക്കൽ കോളേജ് ആശുപത്രിയിൽ 22 കാരൻ കയറി കിടപ്പു രോഗിയെ 10 ദിവസം ചികിത്സിച്ച് 4.80 ലക്ഷം രൂപ തട്ടിച്ചെടുത്ത കേസിൽ സിറ്റി പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി മുമ്പാകെയാണ് സിറ്റി മെഡിക്കൽ കോളേജ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. പൂന്തുറ മാണിക്യവിളാകം സ്വദേശി കുമാർ മകൻ കെ. നിഖിലിനെ (22) ഏക പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം.
ഡോക്ടർ ബിരുദമോ മെഡിക്കൽ കൗൺസിലിന്റെ അധികാരപത്രമോ ഇല്ലാതെ ഡോക്ടറായി ആൾമാറാട്ടം നടത്തി രോഗിയിൽ നിന്ന് ചികിത്സയ്ക്കായി നാലു ലക്ഷത്തോളം രൂപയും തുടർ പഠനത്തിനായി 80,000 രൂപയും വാങ്ങി ആൾമാറാട്ടം നടത്തി വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചുവെന്നാണ് കേസ്.
മെഡിക്കൽ കോളേജിലെ ഒന്നാം വാർഡ് മെഡിസിൻ യൂണിറ്റിൽ കാലിനു പരിക്കുപറ്റി ചികിത്സയിലായിരുന്ന വിഴിഞ്ഞം സ്വദേശി റിനുവിനെയാണ് നിഖിൽ കബളിപ്പിച്ചത്. നേരത്തേയുള്ള പരിചയം മുതലെടുത്ത് റിനുവിനു കൂട്ടിരിക്കാനെന്ന പേരിൽ പത്തു ദിവസമാണ് ഇയാൾ സ്റ്റെതസ്‌കോപ്പ് ധരിച്ച് ആശുപത്രിയിൽ കഴിഞ്ഞത്. മാരകമായ രോഗങ്ങളുണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തി മരുന്നിനും പരിശോധനകൾക്കുമായി റിനുവിന്റെ കൈയിൽനിന്ന് നിഖിൽ പണവും കൈക്കലാക്കി. ഇയാളുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി കൊണ്ടുപോകുന്നത് നിഖിലായിരുന്നു.
രോഗി ഡിസ്ചാർജാകാതിരിക്കാൻ സാമ്പിളുകളിൽ കൃത്രിമം കാണിക്കുകയും ചെയ്തു. പരിശോധനാഫലങ്ങൾ ആശയക്കുഴപ്പം സൃഷ്ടിച്ചതോടെ ഡോക്ടർമാർക്കു സംശയമായി. തുടർന്നു നടത്തിയ അന്വേഷണത്തിൽ വ്യാജനെ കണ്ടെത്തുകയായിരുന്നു. 2022 ജൂൺ 21 നാണ് നിഖിൽ പിടിയിലായത്. 21 രാവിലെ ഡോ. ശ്രീനാഥും മറ്റു ജീവനക്കാരും ഇയാളെ പിടികൂടി മെഡിക്കൽ കോളേജ് പൊലീസിൽ ഏൽപ്പിച്ചു. ആൾമാറാട്ടത്തിലൂടെ ചികിത്സ നടത്തിയതിന് ഇയാൾക്കെതിരേ ആശുപത്രി ചീഫ് സെക്യൂരിറ്റി ഓഫീസർ നാസറുദ്ദീൻ പൊലീസിൽ പരാതി നൽകിയിരുന്നു.
സമാന തട്ടിപ്പ് മുൻപും പ്രതി നടത്തി. ഒരു വർഷം മുൻപ് ഡോക്ടറെന്ന വ്യാജേന റിനുവിന്റെ സഹോദരനെയും നിഖിൽ കബളിപ്പിച്ചിരുന്നു. മെഡിക്കൽ കോളേജിൽവച്ചുതന്നെയാണ് ഇവർ പരിചയപ്പെടുന്നത്. ഡോക്ടറാണെന്നു പറഞ്ഞ് നിഖിൽ കൂടെക്കൂടി. മുട്ടുവേദനയ്ക്കു ചികിത്സയിൽക്കഴിഞ്ഞ ഇയാൾ ആശുപത്രി വിട്ടിട്ടും മാരക അസുഖമുണ്ടെന്നു പറഞ്ഞ് നിഖിൽ സ്വന്തമായി ചികിത്സ നടത്തി. അവരുടെ വീട്ടിൽ സന്ദർശനം നടത്താറുള്ള നിഖിലിനെ റിനുവിന് പരിചയമുണ്ട്. ആ അടുപ്പം മുതലെടുത്താണ് ആശുപത്രിയിൽ സഹായത്തിനെത്തിയത്. ഡോക്ടർമാർ പിടികൂടിയപ്പോഴാണ് വ്യാജനെന്നു തിരിച്ചറിയുന്നത്.



