- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീലേശ്വരം വെടിക്കെട്ട് അപകടം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; മരണമടഞ്ഞത് നാല്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റ് വെന്റിലേറ്ററിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപ്; അന്ത്യം ശനിയാഴ്ച വൈകിട്ടോടെ
നീലേശ്വരം വെടിക്കെട്ട് അപകടം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കവെയാണ് മരണം സംഭവിച്ചത്. നാല്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റ് വെന്റിലേറ്ററിലായിരുന്നു സന്ദീപ്.ശനിയാഴ്ച വൈകീട്ടാണ് മരണം സ്ഥിരീകരിച്ചത്.
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്താണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ 154 പേര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ്, ബിഎന്‍എസ് എന്നിവയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷണം തുടരുകയാണ്. അതേസമയം, അപകടത്തില്‍ നേരത്തെ അറസ്റ്റുചെയ്യപ്പെട്ട മൂന്ന് പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു. ക്ഷേത്ര സമിതി ഭാരവാഹികളടക്കമുള്ള പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരുന്നത്.
കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. പടക്കം സൂക്ഷിച്ചതിന് സമീപത്ത് തന്നെ പടക്കം പൊട്ടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സംഘാടകര്‍ യാതൊരു സുരക്ഷാ സംവിധാനവും ഒരുക്കിയില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, അപകടത്തില്‍ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 15 പേരുടെ പരിക്ക് ഗുരുതരവും 5 പേരുടെ നില അതീവ ഗുരുതരവുമാണ്.