- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിപ: 11 സാമ്പിളുകൾ കൂടി നെഗറ്റീവ്; ഇന്ന് 30 സാമ്പിളുകൾ അയച്ചു; രണ്ടുപേർക്ക് രോഗലക്ഷണങ്ങൾ; സമ്പർക്ക പട്ടികയിലെ 950 പേരിൽ 214 പേർ ഹൈ റിസ്‌ക് പട്ടികയിൽ; വെള്ളിയാഴ്ച വിപുലമായ സർവകക്ഷിയോഗം
കോഴിക്കോട്: നിപ പരിശോധനയ്ക്ക് ഇന്നലെ അയച്ച 11 സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചത് ആശ്വാസമായി. ഇന്ന് വൈകിട്ടാണ് പരിശോധനാ ഫലം വന്നത്. അതേസമയം ഹൈ റിസ്‌ക് സമ്പർക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിളുകൾ ഇന്ന് നിപ പരിശോധനക്കായി അയച്ചിട്ടുണ്ട്.
നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക മൊബൈൽ ലൊക്കേഷനിലൂടെ കണ്ടെത്താൻ പൊലീസ് സഹായം തേടാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്. രോഗബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കേസുകൾ വർധിക്കുന്ന സാഹചര്യമുണ്ടായാൽ പ്ലാൻ ബിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കി. മരുന്നും സുരക്ഷാ സാമഗ്രികളും അധികമായി ഉറപ്പാക്കാൻ കെഎംഎസ്സിഎല്ലിനോട് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
നിപ രോഗികളുടെ സമ്പർക്ക പട്ടികയിൽ ഇന്ന് പുതുതായി 234 പേരെ കണ്ടെത്തി. ആകെ 950 പേരാണ് നിപ സമ്പർക്ക പട്ടികയിലുള്ളത്. 213 പേർ ഹൈ റിസ്സ്‌ക് പട്ടികയിലാണ്. 287 ആരോഗ്യ പ്രവർത്തകർ സമ്പർക്കപ്പട്ടികയിലുണ്ട്. സ്വകാര്യ ആശുപത്രികളിലുള്ള 4 പേരാണ് ഹൈ റിസ്‌ക് സമ്പർക്ക പട്ടികയിലുള്ളത്. 17 പേർ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. ഇന്നലെ പോസിറ്റീവായ വ്യക്തിയുടെ റൂട്ട് മാപ്പിന് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ഇന്ന് നിപ സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്താൻ 5161 വീടുകൾ സന്ദർശിച്ചുവെന്ന് കോഴിക്കോട് ഡിഎംഒ അറിയിച്ചു. 51 പേർക്ക് പനിയുണ്ടെങ്കിലും ആർക്കും നിപ രോഗികളുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ചു. ഇന്ന് മാത്രം 30 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 2 പേർക്ക് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തിരുവള്ളൂർ പഞ്ചായത്തിലെ 7, 8 , 9 വാർഡുകൾ കണ്ടെയൻ മെന്റ് സോണാക്കി. ഇന്ന് പരിശോധനക്ക് അയച്ച സാമ്പിളുകളിൽ ഭൂരിഭാഗവും ആരോഗ്യ പ്രവർത്തകരുടേതാണ്. പുറമെ ഓഗസ്റ്റ് 29 ന് കോഴിക്കോട് ഇക്ര ആശുപത്രിയിൽ പുലർച്ചെ 2.15 നും 3.45 നും ഇടയിൽ എത്തിയവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.
കോഴിക്കോട് ജില്ലയിൽ മാസ്‌ക് നിർബന്ധമായും ധരിക്കണം. എൻ.ഐ.വി. പൂണെയുടെ മൊബൈൽ ടീം സജ്ജമായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. കൂടാതെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ മൊബൈൽ ടീമും എത്തുന്നുണ്ട്. മന്ത്രിമാരായ വീണാ ജോർജ്, മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് അവലോകന യോഗം ചേർന്നത്. നാളെ വിപുലമായ യോഗം ചേരുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
കേന്ദ്ര സംഘവും കോഴിക്കോട്ട് സന്ദർശനം നടത്തി വരുന്നുണ്ട്. കേന്ദ്രസംഘം പ്രവർത്തനങ്ങൾ വിലയിരുത്തുകയും പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. നിപ സർവയലൻസിന്റെ ഭാഗമായി ഇന്ന് പുതുതായി 234 പേരെ ട്രെയിസ് ചെയ്തു. ആകെ 950 പേരാണ് നിപ സമ്പർക്ക പട്ടികയിലുള്ളത്.
എക്സ്പേർട്ട് ടീം, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ കീഴിൽ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ ഫീൽഡിൽ സന്ദർശനം നടത്തി വിവരങ്ങൾ ശേഖരിച്ചു. ടെലി മനസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ ഹൈ റിസ്‌കിലുള്ളവരെ വിളിച്ച് മാനസിക പിന്തുണ ഉറപ്പാക്കിയതായി മന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻഎച്ച്എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, കോഴിക്കോട് ജില്ലാ കളക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.




