കോഴിക്കോട്: സംസ്ഥാനത്ത് പുതിയ നിപ കേസുകൾ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. ചികിത്സയിലുള്ള ഒമ്പതുകാരന്റെ നില മെച്ചപ്പെട്ടു. ഓക്സിജൻ സപ്പോർട്ടിൽ നിന്നും മാറ്റി. പ്രതികരിക്കാനും തുടങ്ങി. പ്രതീക്ഷാനിർഭരമായ കാര്യമാണെന്നാണ് കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞതെന്നും വീണാ ജോർജ് പറഞ്ഞു.

ചികിത്സയിലുള്ള മറ്റ് മൂന്ന് പേരുടേയും നില ഗുരുതരമല്ല. രോഗലക്ഷണങ്ങൾ ഇല്ല. ഇതുവരേയും 323 സാമ്പിളുകൾ പരിശോധിച്ചു. അതിൽ 317 എണ്ണം നെഗറ്റീവാണ്. 6 എണ്ണം പോസിറ്റീവാണ്. ഇപ്പോൾ സമ്പർക്ക പട്ടികയിലും ഐസൊലേഷനിലുമായി 994 ആണ്. ആദ്യ കേസിന്റെ സമ്പർക്കപട്ടികയിലുണ്ടായിരുന്നവർ ഐസൊലേഷനിൽ നിന്നും മാറ്റിയിരുന്നു. 11 പേർ മെഡിക്കൽ കോളേജിലാണ് ഐസൊലേഷനിൽ കഴിയുന്നത്. അവരിൽ ആർക്കും പോസിറ്റീവായവരുമായി നേരിട്ട് സമ്പർക്കമില്ലാത്തവരാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

രോഗവ്യാപനത്തെ കൃത്യമായി തടയാൻ സാധിച്ചുവെന്നും വീണാ ജോർജ് പറഞ്ഞു. വീടും ആശുപത്രിയുമായി രണ്ട് ക്ലസ്റ്ററുകൾ. ഇതുവരെ പോസിറ്റീവ് ആയവർ എല്ലാം ആദ്യ രോഗിയിൽ നിന്നും പകർന്നതാണെന്നും മന്ത്രി അറിയിച്ചു.