കമ്പംമെട്ട്: കേരളത്തിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തി ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധനയുമായി തമിഴ്‌നാട്. കമ്പംമെട്ട്, ബോഡിമെട്ട്, കുമളി എന്നിവിടങ്ങളിലാണ് ആരോഗ്യവകുപ്പും പൊലീസ് ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്തുന്നത്. തമിഴ്‌നാട്ടിലേക്ക് നിപ വൈറസ് പടരുന്നത് തടയാൻ കേരള അതിർത്തിയായ നീലഗിരി, തേനി, തെങ്കാശി തുടങ്ങിയ ജില്ലകളിലാണ് പരിശോധന നടത്താൻ സർക്കാർ നിർദ്ദേശം.

ഇതിന്റെ ഭാഗമായാണ് തേനി ജില്ലയുടെ അതിർത്തി ചെക്കുപോസ്റ്റുകളിൽ പരിശോധന നടക്കുന്നതെന്ന് തേനി ജില്ലാ കലക്ടർ ആർ.വി ഷാജീവന പറഞ്ഞു. അതിർത്തി പ്രദേശങ്ങളിൽ നിപ വൈറസ് പ്രതിരോധ ക്യാമ്പ് തുടങ്ങാനും ആരോഗ്യവകുപ്പിന്റെ നിരീക്ഷണം ശക്തിപ്പെടുത്താനും ജില്ലാ കലക്ടർ ഉത്തരവിട്ടിട്ടുണ്ട്. കാമയകൗണ്ടൻപട്ടി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.സിറാജുദ്ദീൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ മുരളി, ദിനേശ്, കമ്പം ട്രാഫിക് സബ് ഇൻസ്പെക്ടർ ചെന്താമര കണ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അതിർത്തി മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും തടഞ്ഞു നിർത്തി വാഹനത്തിലുള്ളവരെ പരിശോധിക്കുന്നുണ്ട്. ഡിജിറ്റൽ തെർമൽ സ്‌കാനറിന്റെ സഹായത്തോടെയാണ് പരിശോധന. പരിശോധനയിൽ ആർക്കെങ്കിലും പനിയുണ്ടെന്ന് കണ്ടെത്തിയാൽ കമ്പം സർക്കാർ ആശുപത്രിയിലേക്ക് അയക്കുമെന്ന് അധികൃതർ പറഞ്ഞു.