തിരുവനന്തപുരം : ചാക്ക ഐ റ്റി ഐ വിദ്യാർത്ഥി കരമന നീറമൺകര അനന്തു ഗിരീഷ് കൊലക്കേസിൽ തൊണ്ടിമുതലുകളുടെ ഫോറൻസ് പരിശോധനാ ഫലം ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. ഫോറൻസിക് സയൻസ് ലബോറട്ടറി മേധാവിക്കാണ് കോടതി ഉത്തരവ് നൽകിയത്. 14 പ്രതികളും ജൂൺ 23 ന് ഹാജരാകാൻ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പി.വി. ബാലകൃഷ്ണൻ ഉത്തരവിട്ടു.

കേസിൽ ഒന്നു മുതൽ പതിനാലു വരെ പ്രതികളും ലഹരി മാഫിയ സംഘാംഗങ്ങളുമായ വിഷ്ണുരാജ് , ഹരിലാൽ , കിരൺ കൃഷ്ണ എന്ന ബാലു , വിനീഷ് രാജ് എന്ന വിനീത് , അനീഷ് എന്ന കുട്ടപ്പൻ , അഖിൽ എന്ന അപ്പു , വിഷ്ണുരാജിന്റെ സഹോദരൻ വിജയരാജ് എന്ന കുഞ്ഞുവാവ , ശരത് കുമാർ , മുഹമ്മദ് റോഷൻ , സുമേഷ് , അരുൺ ബാബു എന്ന കുട്ടൻ , അഭിലാഷ് , രാം കാർത്തിക് എന്ന മാരി , വിപിൻ രാജ് എന്നിവരാണ് ഹാജരാകേണ്ടത്.

2019 മെയ് 23നാണ് കേസിൽ കുറ്റപത്രംം സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഹർജിയിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടെങ്കിലും തുടരന്വേഷണ റിപ്പോർട്ടായ സപ്ലിമെന്ററി ചാർജ് ഷീറ്റിൽ പ്രതിപ്പട്ടികയിൽ മാറ്റമില്ലാത്തതിനാലാണ് കോടതി സാക്ഷി വിസ്താര വിചാരണ ആരംഭിക്കുന്നത്. കെജിഎഫ് പാർട്ട് 1 സിനിമയിലെ നായകൻ റോക്കിയുടെ ആരാധകരായി ചമഞ്ഞ് സ്റ്റാറാകാനാണ് പ്രതികൾ നിഷ്ഠൂര കൃത്യം ചെയതത്. കൊലയ്ക്കിടയിൽ കെ ജി എഫിലെ ' കൂട്ടമായി വരുന്നവർ ഗ്യാങ്സ്റ്റർ ഒറ്റക്ക് വന്നാൽ മോൺസ്റ്റർ ' എന്ന ഡയലോഗ് പറയുന്നതും പ്രതികൾ തന്നെ റെക്കോർഡ് ചെയ്ത വീഡിയോ ദൃശ്യങ്ങളിൽ ഉണ്ട്. കൊലപാതക ദ്യശ്യങ്ങൾ കാമുകിക്കും പിതാവിനും അയച്ചുകൊടുത്തു.

20 കാരനായ ചെറുപ്പക്കാരനെ ഇഞ്ചിഞ്ചായി മൃഗീയമായി കൊലപ്പെടുത്തിയ മയക്കുമരുന്നു റാക്കറ്റിലെ കണ്ണികളായ പ്രതികൾക്ക് ജാമ്യം നൽകിയാൽ സമൂഹത്തിനത് തെറ്റായ സന്ദേശം നൽകുമെന്ന് 2019 ഏപ്രിലിൽ കേസിലെ 14 പ്രതികൾക്ക്ജാമ്യം നിരസിച്ച ഉത്തരവിൽ മുൻ ജഡ്ജി കെ. ബാബു വിലയിരുത്തിയിരുന്നു. കേസ് ഡയറി പരിശോധിച്ചതിൽ കൊലക്കിരയായ 20 കാരൻ യാതൊരു ലഹരിയും ഉപയോഗിക്കുന്നയാളല്ല . യുവാവിന്റെ ആമാശയത്തിൽ പോസ്റ്റ്‌മോർട്ടം പരിേശാധനയിലും രാസ പരിശോധനയിലും യാതൊരു ലഹരി പദാർത്ഥങ്ങളുടെ അംശമോ അത്തരം ഗന്ധത്തെപ്പറ്റി യാതൊരു പരാമർശവുമില്ല.

അനന്തുവിന്റെ രണ്ടു കൈകളിലെയും ഞരമ്പുകൾ മുറിച്ചതായും കണ്ണുകളിലും മറ്റു ശരീര ഭാഗങ്ങളിലും സിഗരറ്റ് വച്ച് പൊള്ളിച്ചതായും തലയിലും കൈകളിലുമടക്കം ആഴത്തിൽ മാരകമായ പരിക്കുകൾ ഉള്ളതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. മർദനമേറ്റ് തലയോട് തകർന്നതും മരണകാരണമായി റിപ്പോർട്ട് വ്യക്തമാക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. കരിക്ക് , കല്ല് , വടി എന്നിവ കൊണ്ട് മർദിച്ചതായും മൂന്നു മണിക്കൂർ പീഡനം തുടർന്നതായും ഫോറൻസിക് - മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചതവുകൾക്കടിയിലെ മാംസം ജല രൂപത്തിലാണെന്ന് പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ റിപ്പോർട്ടിൽ സാക് ഷ്യപ്പെടുത്തുന്നതുകൊലയുടെ ഭീകരത വ്യക്തമാക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.

കരമന തളിയൽ അരശുമൂട് നിന്ന് പട്ടാപ്പകലാണ് കൊഞ്ചിറ വിള അനന്തു ഭവനിൽ അനന്തുവിനെ പ്രതികൾ തട്ടിക്കൊണ്ടുപോയത്. കൈമനം നീറമൺകര കുറ്റിക്കാട്ടിൽ വെച്ച് പൈശാചികമായും മൃഗീയമായും ദാരുണമായും കൊലപ്പെടുത്തുകയായിരുന്നു. ദ്യശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഒരു പ്രതിയുടെ പിറന്നാൾ ആഘോഷിക്കുന്നതിനിടെയാണ് കൊലപാതക പദ്ധതി ആസൂത്രണം ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി (ക്രിമിനൽ ഗൂഢാലോചന) , 341 (തടഞ്ഞുവെക്കൽ) , 323 (ശരീരം കൊണ്ട് ദേഹോപദ്രവമേൽപ്പിക്കൽ) , 201 (തെളിവു നശിപ്പിക്കൽ) , 364 ( തട്ടിക്കൊണ്ടു പോകൽ) , 302 (കൊലപാതകം) , 34 ( പൊതു ഉദ്ദേശ്യകാര്യസാദ്ധ്യത്തിനായുള്ള കൂട്ടായ്മ) എന്നീ വകുപ്പുകളും പട്ടികജാതി /പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമത്തിലെ 3 (2) (5) (എ) എന്നീ വകുപ്പുകളുമാണ് വിചാരണക്ക് മുന്നോടിയായി പ്രതികൾക്ക് മേൽ കോടതി ചുമത്തിയത്.