- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: നിരീക്ഷ സ്ത്രീ നാടക വേദിയുടെ രണ്ടാമത് ദേശീയ സ്ത്രീനാടകോത്സവം ഡിസംബർ 27 മുതൽ 29 വരെ ഭാരത് ഭവനിലും സ്വാതി തിരുനാൾ സംഗീത കോളജിലുമായി നടത്തുമെന്ന്‌നാടകോത്സവ സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശ്രീലങ്കൻ നാടകകൃത്തും സാംസ്‌കാരിക പ്രവർത്തകയുമായ റുവാന്തി ഡി. ചിക്കേര 27 നു വൈകീട്ട് 5.30 നു ഭാരത് ഭവനിൽ നാടകോത്സവം ഉദ്ഘാടനം ചെയ്യും.
27 നു പാളയം കണ്ണിമേര മാർക്കറ്റിനു മുന്നിൽ രാവിലെ 9.30 നു മന്ത്രി ജെ. ചിഞ്ചുറാണി ഫെസ്റ്റിവൽ ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്ന് ആക്ടിവിസ്റ്റ് കെ. അജിത ഫെസ്റ്റിവൽ ബുക്ക് റിലീസ് ചെയ്യും.
മറ്റു സംസ്ഥാനങ്ങളിൽ നാടക രംഗത്തു ശക്തമായ സാന്നിധ്യം അറിയിച്ച അഞ്ചു സംവിധായികന്മാരുടെ നാടകങ്ങളാണ് ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അഭിശക്തി ചണ്ഡിഗർ അവതരിപ്പിക്കുന്ന ദെബിന രക്ഷിത് സംവിധാനം ചെയ്ത ദി കേജ്, ഡോ.സവിത റാണിയുടെ സോളോ നോഷൻസ്, ജ്യോതി ദോഗ്രയുടെ സോളോ മാംസ്, ബെർനാലി മേധിയുടെ ബേൺ ഔട്ട്, അടുത്തിടെ അന്തരിച്ച പ്രശസ്ത സംവിധായിക ത്രിപുരാരി ശർമ്മയുടെ രൂപ് അരൂപ് എന്നിവയാണ് എഴുപതോളം വരുന്ന നാടകങ്ങളിൽ നിന്നായി സ്‌ക്രീനിങ് നു ശേഷം തിരഞ്ഞെടുത്തിരിക്കുന്നത്.
അഷിത പി.എച്ച്.സംവിധാനം ചെയ്ത ദി എഡ്ജ്, രേശ്മ രാജൻ അവതരിപ്പിക്കുന്ന വയലറ്റ് വിൻഡോസ് എന്നിവയാണ് മലയാള നാടകങ്ങൾ. ഇവക്ക് പുറമെ സത്രീകളുടെ കളക്ടീവ് എക്സ്‌പ്രഷൻസ് എന്ന വിഭാഗത്തിൽ മൂന്ന് നാടകങ്ങൾ ഉൾപ്പടുത്തി. വലിയതുറ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ കൂട്ടായ്മ അവതരിപ്പിക്കുന്ന ജർമി റോയ് സംവിധാനം ചെയ്ത 'ഇത് എങ്കള കടൽ', ആശാ വർക്കർമാരുടെ കൂട്ടായ്മ അവതരിപ്പിക്കുന്ന 'പെൺ പെരുമ', രംഗശ്രീ കമ്മ്യൂണിറ്റി തീയറ്റർ അവതരിപ്പിക്കുന്ന അശ്വിനി ചന്ദ് സംവിധാനം ചെയ്ത 'മായ്ക്കപ്പെടുന്നവർ' എന്നീ നാടകങ്ങൾ ആണ് ഈ വിഭാഗത്തിലുള്ളത്.
നാടകങ്ങൾ ഭാരത് ഭവനിലും മറ്റ് സാംസ്‌കാരിക പരിപാടികൾ സ്വാതിതിരുനാൾ സംഗീത കോളജിലുമാണ്. നാടകോത്സവത്തിന്റെ മൂന്ന് ദിവസങ്ങളിലും സ്ത്രീകൾക്ക് വേണ്ടിയുള്ള സ്ത്രീകൾ നേതൃത്വം നൽകുന്ന നാടകശില്പശാല റുവാന്തി ഡി ചിക്കേരയാണ് നയിക്കുന്നത്. നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും പഠനം പൂർത്തിയാക്കിയ ദെബിന രക്ഷിത്ത്, ഡോ. സവിത റാണി, ബെർനാലി മേധി എന്നിവരായിരിക്കും ശില്പശാലയുടെ മറ്റ് നിർദേശകർ. 27 ന് 25 പെൺ കവികളുടെ കവിയരങ്ങും, 28ന് സംസ്ഥാന വനിതാ കമീഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സാംസ്‌കാരിക രംഗത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ എന്ന വിഷയത്തിൽ സെമിനാറും ഉണ്ടായിരിക്കും.
നാടകോത്സവ സംഘാടക സമിതി ഭാരവാഹികളായ സോയ തോമസ്, എസ്.കെ. മിനി, യു.എസ് രാഖി , കെ.എം സീന, എസ്.കെ അനില, മേഴ്‌സി അലക്‌സാണ്ടർ, നിഷി രാജാ സാഹിബ്, രാജരാജേശ്വരി, സുധി ദേവയാനി, സരിത എസ് ബാലൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



