കണ്ണൂർ:വർഷങ്ങൾ നീണ്ട നിയമപോരാട്ട ത്തിനൊടുവിൽ ഖാദി ബോർഡിൽ നിന്ന് ദിവസക്കൂലി ലഭിക്കാനുള്ള നിഷയ്ക്ക് നീതി. 3.37 ലക്ഷം രൂപയുടെ ചെക്ക് ഖാദി ബോർഡ് നിഷയ്ക്ക് കൈമാറി. 2013 ലാണ് താൽക്കാലികാടിസ്ഥാനത്തിൽ നിഷ ഖാദി ബോർഡിൽ ജോലിക്ക് കയറിയത്. എന്നാൽ 2017 ൽ നിഷയെ പിരിച്ചുവിടുകയായിരുന്നു.

ദിവസക്കൂലി 400 രൂപയ്ക്കാണ് നിഷ ജോലിക്ക് പ്രവേശിച്ചത്. പിരിച്ചുവിട്ട നടപടിക്കെതിരെ നിഷ ലേബർ കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയിൽ നിന്ന് ജോലിയിൽ പ്രവേശിക്കാനുള്ള അനുകൂലവിധി സ്വന്തമാക്കി. തിരിച്ചെടുത്തിട്ടില്ലെങ്കിൽ ഉത്തരവ് വന്ന സമയം മുതലുള്ള ശമ്പളം നൽകണമെന്നും നൽകില്ലെങ്കിൽ ഖാദി ബോർഡിലെ വസ്തുക്കൾ ജപ്തി ചെയ്ത് ശമ്പളം ഈടാക്കാനുമായിരുന്നു ഉത്തരവായത്.

എന്നാൽ ഇതിനെതിരെ ഖാദി ബോർഡ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. അനുകൂല വിധിയും കൈയിൽ പിടിച്ച് കഴിഞ്ഞ മൂന്ന് കൊല്ലമായി സർക്കാർ ഓഫീസുകൾകയറിയിറങ്ങുന്ന നിഷയ്ക്ക് ഒടുവിൽ ഖാദി ബോർഡ് ചെക്ക് കൈമാറുകയായിരുന്നു.കഴിഞ്ഞ ദിവസം കണ്ണൂരിൽ നിഷയുടെ വിഷയം ഉയർത്തിക്കാട്ടി കോൺഗ്രസ് പ്രതിഷേധ ധർണ നടത്തിയിരുന്നു.