- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിപയെ അവഗണിച്ചു പരീക്ഷ നടത്താൻ ശ്രമം: വിദ്യാർത്ഥികളുടെ പ്രതിഷേധം ഫലം കണ്ടു, എൻഐടി പരീക്ഷകൾ മാറ്റിവെച്ചു; ഓൺലൈൻ ക്ലാസുകൾ മാത്രം
കോഴിക്കോട്: ജില്ലയിൽ നിപ വീണ്ടും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി)വരും ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നിപയെ വകവെക്കാതെ പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
റെഗുലർ ക്ലാസുകൾ ഒഴിവാക്കി ഈ മാസം 23 വരെ ഓൺലൈനായി ക്ലാസുകൾ നടത്താനും തീരുമാനിച്ചു. അതിനിടെ ക്യാമ്പസിൽ മാസ്‌ക് നിർബന്ധമാക്കി. കണ്ടെയ്ന്മെന്റ് സോണുകളിൽ താമസിക്കുന്നവർ എൻഐടിയിൽ പ്രവേശിക്കരുതെന്നും ഉത്തരവിൽ പറയുന്നു.
നിപ നിയന്ത്രണങ്ങൾ ലംഘിച്ച് ക്ലാസുകളും പരീക്ഷയും തുടരുന്നുവെന്ന പരാതിയുമായി വിദ്യാർത്ഥികൾ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് നടപടി. ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടും ക്ലാസുകൾ തുടർന്നതോടെ വിദ്യാർത്ഥികൾ എൻഐടി അധികൃതരെ സമീപിച്ചിരുന്നു. എന്നാൽ കണ്ടെയ്ന്മെന്റ് സോൺ അല്ലാത്തതിനാൽ പരീക്ഷ മാറ്റില്ലെന്നും പ്രദേശത്ത് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ അവധി നൽകാനാവില്ലെന്നുമായിരുന്നു അധികൃതരുടെ വാദം. വിദ്യാർത്ഥികൾ ജില്ലാ മെഡിക്കൽ ഓഫീസർക്കും ആരോഗ്യവകുപ്പ് അധികൃതർക്കും പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പരീക്ഷകൾ മാറ്റിവച്ചത്.
നിപ വൈറസ് ബാധയെ തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ 23 വരെ അടച്ചിടാൻ നിർദ്ദേശം നൽകിയിരുന്നു. തിങ്കളാഴ്ച മുതൽ 23 വരെ ക്ലാസുകൾ ഓൺലൈനായി നടത്താനാണ് നിർദ്ദേശം. ട്യൂഷൻ സെന്ററുകൾക്കും കോച്ചിങ് സെന്ററുകൾക്കും ഉൾപ്പെടെ നിർദ്ദേശം ബാധകമാണ്.




